
ബംഗളൂരു : കർണാടകയില്‍ 20 മണ്ഡലങ്ങളില്‍ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. പ്രതാപ് സിംഹ, നളിൻകുമാർ കട്ടീല്‍, സദാനന്ദ ഗൗഡ തുടങ്ങിയവരടക്കം ഒമ്ബത് സിറ്റിങ് എം.പിമാരെ തഴഞ്ഞപ്പോള്‍ മൈസൂരു-കുടക് സീറ്റില്‍ മൈസൂരു കൊട്ടാരത്തിലെ യദുവീർ കൃഷ്ണദത്ത ചാമരാജ വഡിയാരെ സ്ഥാനാർഥിയാക്കി.
ചിത്രദുർഗ, ബെളഗാവി, ഉത്തര കന്നട, ചിക്കബല്ലാപുര, റായ്ച്ചൂർ എന്നീ അഞ്ചു സീറ്റുകളില്‍ ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.
ജെ.ഡി-എസുമായി സഖ്യമുള്ളതിനാല്‍ മാണ്ഡ്യ, കോലാർ, ഹാസൻ എന്നീ സീറ്റുകള്‍ ജെ.ഡി-എസിന് വിട്ടു നല്കിയേക്കുമെന്നറിയുന്നു.
മുൻ മുഖ്യമന്ത്രിയും ഷിഗ്ഗോണ്‍ എം.എല്‍.എയുമായ ബസവരാജ് ബൊമ്മൈയെ ഹാവേരിയിലും കേന്ദ്ര മന്ത്രി പ്രള്‍ഹാദ് ജോഷിയെ ധാർവാഡിലും മത്സരിപ്പിക്കും. സീറ്റിനായി ചരടുവലി നടത്തിയ മുൻ മന്ത്രി വി. സോമണ്ണക്ക് തുമകുരു സീറ്റ് നല്കി.
പ്രമുഖ കാർഡിയോളജിസ്റ്റും ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ മരുമകനുമായ ഡോ. സി.എൻ. മഞ്ജുനാഥ് ബി.ജെ.പി ചിഹ്നത്തില്‍ ബംഗളൂരു റൂറല്‍ സീറ്റില്‍ മത്സരിക്കുന്നുവെന്നതാണ് ശ്രദ്ധേയം.
കോണ്‍ഗ്രസിന്റെ ഏക സിറ്റിങ് സീറ്റില്‍ കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെ സഹോദരൻ ഡി.കെ. സുരേഷാണ് മഞ്ജുനാഥിന് എതിർ സ്ഥാനാർഥി.ബംഗളൂരു സൗത്തില്‍ തേജസ്വി സൂര്യക്കും ബംഗളൂരു സെൻട്രലില്‍ പി.സി. മോഹനും വീണ്ടും അവസരം നല്കി. ഉഡുപ്പി- ചിക്കമഗളൂരു സിറ്റിങ് എം.പിയായ ശോഭ കരന്ത്ലാജെയെ ബംഗളൂരു നോർത്ത് മണ്ഡലത്തിലേക്ക് മാറ്റി.
ഉഡുപ്പി- ചിക്കമഗളൂരു മണ്ഡലത്തില്‍ നിയമ നിർമാണ കൗണ്‍സില്‍ പ്രതിപക്ഷ നേതാവും മുൻ മന്ത്രിയുമായ കോട്ട ശ്രീനിവാസ പൂജാരിക്ക് അവസരം നല്കി.ശിവമൊഗ്ഗയില്‍ സിറ്റിങ് എം.പി ബി.വൈ. രാഘവേന്ദ്രയെ പരിഗണിച്ചപ്പോള്‍ ദക്ഷിണ കന്നടയില്‍ നളിൻകുമാർ കട്ടീലിനെയും ചാമരാജ് നഗറില്‍ എം.പി. ശ്രീനിവാസിനെയും തഴഞ്ഞു.
ക്യാപ്റ്റൻ ബ്രിജേഷ് ചൗതയും എസ്. ബലരാജുമാണ് ഈ സീറ്റുകളില്‍ യഥാക്രമം നിയോഗിക്കപ്പെട്ടത്.ദാവൻകരെയില്‍ സിറ്റിങ് എം.പി ജി.എം. സിദ്ധേശ്വരയുടെ ഭാര്യ ഗായത്രി സിദ്ധേശ്വര, കൊപ്പലില്‍ കാരാടി സംഗണ്ണക്ക് പകരം ഡോ. ബസവരാജ് ക്യാവദോർ എന്നിവരെയും സ്ഥാനാർഥികളാക്കി.