
ഡി.ആർ.ഡി.ഒ അഗ്നി മിഷൻ ഡയറക്ടർ
തിരുവനന്തപുരത്തുകാരി, പഠനം സി.ഇ.ടിയില്‍
തിരുവനന്തപുരം: ഇന്ത്യയുടെ ‘ദിവ്യാസ്ത്രം’ അഗ്നി 5 ബാലിസ്റ്റിക് മിസൈല്‍ വിജയിപ്പിച്ച് രാജ്യത്തിന്റെ യശസുയർത്തിയതിന് ചുക്കാൻ പിടിച്ചത് ഒരു മലയാളി വനിത.
തിരുവനന്തപുരത്തുകാരി ഷീനാറാണി. ഡി.ആർ.ഡി.ഒ മിഷൻ ഡയറക്ടർ. മിസൈല്‍ പരീക്ഷണവിജയം രാജ്യത്തെ അറിയിച്ച പ്രധാനമന്ത്രി ഷീനയെ വിശേഷിപ്പിച്ചത് ദിവ്യപുത്രിയെന്ന്.
തുമ്ബ വി.എസ്.എസ്.സിയില്‍ 1998വരെ ജോലി ചെയ്ത ഷീനാറാണി എട്ടു വർഷം അവിടെ റോക്കറ്റ് നിർമ്മാണ പദ്ധതികളില്‍ പങ്കാളിയായിരുന്നു. തിരുവനന്തപുരം ഗവ.എൻജിനിയറിംഗ് കോളേജില്‍ (സി.ഇ.ടി) നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനില്‍ ബി.ടെക് റാങ്കോടെ പാസായ ശേഷമാണ് വി.എസ്.എസ്.സിയില്‍ ചേർന്നത്.
ഇവിടെ വച്ച് ഇന്ത്യയുടെ മിസൈല്‍ മാൻ സാക്ഷാല്‍ അബ്ദുള്‍ കലാമുമായി പരിചയപ്പെട്ടതാണ് ഷീനയെ മിസൈല്‍ ടെക്നോളജിയിലേക്ക് നയിച്ചത്. കലാമിന്റെ ഉപദേശപ്രകാരം 1999ല്‍ ഐ.എസ്.ആർ.ഒയില്‍ നിന്ന് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനില്‍ (ഡി.ആർ.ഡി.ഒ) ചേർന്നു.
ഡി.ആർ.ഡി.ഒയുടെ ഭാഗമായ ഹൈദരാബാദ് മിസൈല്‍ ഹൗസിലെത്തിയ ഷീന അഗ്നി മിസൈല്‍ നിർമ്മാണത്തില്‍ തുടക്കം മുതല്‍ പങ്കാളിയാണ്. അഞ്ച് അഗ്നി മിസൈല്‍ പരമ്ബരയിലും ലോഞ്ച് കണ്ട്രോള് ഡയറക്ടറായിരുന്നു. കഴിഞ്ഞ ദിവസം നടന്ന എം.ഐ.ആർ.വി പതിപ്പിലാണ് പ്രോഗ്രാം ഡയറക്ടറായത്. ഡി.ആർ.ഡി.ഒയിലെത്തിയതിന്റെ 25-ാം വർഷമാണ് ഉജ്ജ്വല നേട്ടത്തിനുടമയായത്.
ഡി.ആർ.ഡി.ഒ.യില്‍ നാവിഗേഷൻ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞനായ പി.എസ്.ആർ. ശ്രീനിവാസ ശാസ്ത്രിയാണ് ഭർത്താവ്. 2019ല്‍ ഐ.എസ്.ആർ.ഒ വിക്ഷേപിച്ച കൗടില്യ സാറ്റലൈറ്റ് നിർമ്മാണത്തില്‍ പങ്കാളിയായിരുന്നു ശ്രീനിവാസ്.
ചൈനയ്ക്ക് മറുപടി
അയ്യായിരം കിലോമീറ്റർ ചുറ്റളവിലെ ലക്ഷ്യത്തിലേക്ക് കൃത്യതയോടെ എത്തുന്ന, പത്തോളം പോർമുനകള്‍ വഹിക്കുന്ന അഗ്നി 5 ചൈനയ്ക്ക് ഇന്ത്യയുടെ മറുപടിയാണ്. മള്‍ട്ടിപ്പിള്‍ ഇൻഡിപെൻഡന്റ്ലി ടാർജറ്റബിള്‍ റീ എൻട്രി വെഹിക്കിള്‍
( എം.ഐ.ആ.വി) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മാണം. ഭൂമിയില്‍ നിന്ന് ബഹിരാകാശത്തേക്ക് കുതിക്കുകയും തിരിച്ച് ഭൂമിയിലേക്ക് വന്ന് പല പോർമുനകളായി വേർപിരിഞ്ഞ് ലക്ഷ്യസ്ഥാനങ്ങളില്‍ കൃത്യതയോടെ പ്രഹരിക്കുകയും ചെയ്യും. പരീക്ഷണ വിജയത്തോടെ അമേരിക്ക,റഷ്യ,ചെെന, ബ്രിട്ടൻ,ഫ്രാൻസ് എന്നിവർക്കൊപ്പമാണ് ഇന്ത്യയും ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇതിന് ദിവ്യാസ്ത്ര എന്ന് പേരിട്ടത്.
ഇതൊരു ടീം വർക്കാണ്. രാജ്യ സുരക്ഷയ്ക്കായി രാപ്പകല്‍ പ്രയത്നിക്കുന്ന ടീമിന്റെ വിജയം
– ഷീനാറാണി