
കോട്ടയം: ജില്ലയില്‍ വേനല്‍മഴ ലഭിച്ച സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാൻ പൊതുജനങ്ങള്‍ പ്രത്യേകശ്രദ്ധ പുലർത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ.
പി.എൻ വിദ്യാധരൻ അറിയിച്ചു. വീട്ടിലും പരിസരത്തും ചെറുപാത്രങ്ങളിലും മരപ്പൊത്തുകളിലും കെട്ടിനില്‍ക്കുന്ന മഴവെള്ളം അടിയന്തരമായി നീക്കം ചെയ്യണം.
ചെറുപാത്രങ്ങളില്‍ കെട്ടിനില്‍ക്കുന്ന ശുദ്ധജലത്തിലാണ് ഡെങ്കി വൈറസ് പരത്തുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിടുന്നത്. ഏഴുമുതല്‍ 10 ദിവസത്തിനുള്ളില്‍ മുട്ട വിരിഞ്ഞ് കൊതുകാകും. വൈറസ് ബാധയുള്ള മുട്ടയാണ് വിരിയുന്നതെങ്കില്‍ ആ കൊതുകില്‍നിന്ന് ഡെങ്കിപ്പനി പകരാൻ സാധ്യതയേറെയാണ്.
വീടിനുചുറ്റും മഴവെള്ളം കെട്ടിനില്‍ക്കുന്ന ചെറുപാത്രങ്ങള്‍, ചിരട്ടകള്‍, സണ്‍ഷേഡുകള്‍, മരപ്പൊത്തുകള്‍ തുടങ്ങിയവയില്‍ നിന്നും കൂടാതെ വീട്ടിനകത്തും പുറത്തുമുള്ള ചെടിച്ചട്ടികള്‍, ഫ്രിഡ്ജിനു പുറകിലെ ട്രേ എന്നിവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം അടിയന്തരമായി നീക്കം ചെയ്യാൻ വീട്ടിലുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം.
കുടിവെള്ളം ശേഖരിച്ചു വെച്ചിരിക്കുന്ന ടാങ്കുകളിലും പാത്രങ്ങളിലും കൊതുകുകടക്കാതെ അടച്ചു സൂക്ഷിക്കണം. ഇവ കൊതുകുവല ഉപയോഗിച്ച് മൂടിയിടുന്നത് ഉത്തമമാണ്. ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിനുള്ളിലും പരിസരത്തും കെട്ടിനില്‍ക്കുന്ന വെള്ളം ഒഴിവാക്കാനും ശുചിയാക്കാനും ശ്രദ്ധിക്കണം.
കടുത്ത വേനലും വരള്‍ച്ചയും മൂലം ജലക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍ പ്രത്യേകിച്ച് ടാങ്കറുകളില്‍ നിന്ന് വാങ്ങി ഉപയോഗിക്കുന്ന കുടിവെള്ളത്തിലൂടെ മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ ജലജന്യരോഗങ്ങള്‍ പടരാനിടയുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചു. അതിനാല്‍ കുടിവെള്ള സ്രോതസുകള്‍ ആഴ്ചയിലൊരിക്കല്‍ ക്ലോറിനേറ്റ് ചെയ്യുകയോ, കുടിവെള്ളം ക്ലോറിൻ ഗുളിക ഉപയോഗിച്ച് ശുദ്ധീകരിക്കുകയോ ചെയ്യണം.