
കല്പറ്റ: കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റുനേടിയ മുഖ്യപ്രതി സിൻജോ ജോണ്സൻ തന്റെ കരാട്ടെ ‘മികവ്’ കണ്ണില്ലാ ക്രൂരതയാക്കിയപ്പോഴാണ് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി സിദ്ധാർഥൻ മൃതപ്രായനായതെന്ന് പോലീസ്.
സിദ്ധാർഥനെ ആള്‍ക്കൂട്ടവിചാരണ നടത്തുന്നതിനിടെ ചവിട്ടി താഴെയിട്ടതും വയറിനുമുകളില്‍ തള്ളവിരല്‍പ്രയോഗം നടത്തിയതുമെല്ലാം സിൻജോയാണ്. കൂടാതെ, ഒട്ടേറെത്തവണ അടിക്കുകയും മറ്റുള്ളവരെക്കൊണ്ട് നിർബന്ധിച്ച് അടിപ്പിക്കുകയുംചെയ്തു. പോരാഞ്ഞ് സിദ്ധാർഥന്റെ കണ്ഠനാളം കൈവിരലുകള്‍വെച്ച് അമർത്തിപ്പിടിച്ചു. ഇതോടെയാണ് സിദ്ധാർഥൻ വെള്ളംകൊടുത്തിട്ടുപോലും ഇറക്കാൻ കഴിയാത്ത അവസ്ഥയിലായതെന്നാണ് വിദ്യാർഥികള്‍ പോലീസിന് മൊഴിനല്‍കിയത്. അവശനായ സിദ്ധാർഥൻ വെള്ളമാവശ്യപ്പെട്ടപ്പോള്‍ തങ്ങള്‍ എത്തിച്ചുകൊടുത്തെങ്കിലും കാര്യമുണ്ടായില്ല. ഒടുവില്‍ വിശപ്പും ദാഹവും മാറാതെയാണ് സഹപാഠികളുടെ ക്രൂരതയ്ക്കിരയായ ആ വിദ്യാർഥി മരിച്ചത്.
ആള്‍ക്കൂട്ടവിചാരണ നടത്താനുള്ള പ്ലാനും സിൻജോയുടേതായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ തലയുണ്ടാവില്ലെന്ന് സിൻജോ മറ്റുള്ളവരെ ഭീഷണിപ്പെടുത്തി. അതുകൊണ്ടാണ് സിൻജോയെ പോലീസ് മുഖ്യപ്രതിയാക്കിയതും. ക്രൂരതകാണിച്ചതില്‍ രണ്ടാമൻ കാശിനാഥനാണ്. ബെല്‍റ്റുകൊണ്ട് കൂടുതല്‍തവണ അടിച്ചത് കാശിനാഥനാണ്. ഇയാള്‍ മനോനില തെറ്റിയപോലെയാണ് സിദ്ധാർഥനോട് പെരുമാറിയത്. ‘സൈക്കോ’ എന്നാണ് അറിയപ്പെടുന്നതുപോലും.
കോണ്‍ഗ്രസ് നേതാവിന്റെ മൊഴിയെടുക്കും
: സിദ്ധാർഥനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് വിദ്യാർഥികള്‍ തന്നോടുപറഞ്ഞെന്ന് വെളിപ്പെടുത്തിയ വൈത്തിരി പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ എൻ.ജെ. ജ്യോതിഷ് കുമാറിന്റെ മൊഴി പോലീസ് രേഖപ്പെടുത്തും.
സിദ്ധാർഥനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയശേഷം രണ്ട് എസ്.എഫ്.ഐ.ക്കാർ അകത്തുകയറി വാതിലടച്ചശേഷം, പുറത്തുനിന്ന അഞ്ചുപേർ വാതില്‍ ചവിട്ടിപ്പൊളിക്കുകയായിരുന്നുവെന്നാണ് ജ്യോതിഷ് കുമാർ ഒരു ന്യൂസ്ചാനലില്‍ പറഞ്ഞത്. കൊലപാതകമാണോ എന്ന് സംശയമുയർന്ന സാഹചര്യത്തിലാണ് മൊഴിയെടുക്കുന്നത്.