
ദുബൈ: കെയ്റോയില്‍ സാധ്യമാകാതെ പോയ വെടിനിര്‍ത്തല്‍ കരാറിന് വീണ്ടും സാധ്യതയൊരുങ്ങി. പാരീസില്‍ വെച്ച് നടക്കുന്ന സമ്മേളനത്തില്‍ ഗാസയില്‍ റമളാനിന് മുന്നെ വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടാന്‍ ഇസ്റാഈലിന് മേല്‍ യു.എസ് അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും കനത്ത സമ്മര്‍ദമുണ്ട്.ഖത്തര്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ക്ക് പുറമെ സി.ഐ.എ മേധാവി സംഘം, ഇസ്റാഈല്‍ സംഘം എന്നിവരും പാരീസിലുണ്ട്.
വെടിനിര്‍ത്തല്‍ കരാര്‍ രൂപരേഖക്ക് ഇസ്റാഈലിന്റെ അനുമതി ലഭിച്ചാല്‍ ഹമാസിന്റ പ്രതികരണം തേടാനാണ് മദ്ധ്യസ്ഥ രാജ്യങ്ങളുടെ നീക്കം.
അതേസമയം ഗാസയില്‍ ഇസ്റാഈല്‍ നടത്തുന്ന അതിക്രമങ്ങളില്‍ ഇന്നലെ മാത്രം നൂറിലേറെ പേര് കൊല്ലപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 29,514 ആയി. ഗസ്സ ഭയാനക ദുരന്തത്തിന്റെ വക്കിലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. യു.എന്‍ ഏജന്‍സിയുടെ പിന്‍വാങ്ങലിനെ തുടര്‍ന്ന് സഹായവിതരണം നിലച്ചത് ഗുരുതര പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്.