
നിരവധി ചിത്രങ്ങളിലൂടെ ബോളിവുഡില്‍ തന്റെ കഴിവ് തെളിയിച്ച നായികയാണ് ജാൻവി കപൂർ. പ്രശസ്ത നടി ശ്രീദേവിയുടെയും നടനും നിർമ്മാതാവുമായ ബോണി കപൂറിന്റെയും മകളാണ് ജാൻവി.
ബോളിവുഡില്‍ തിളങ്ങി നില്ക്കുന്ന താരം ഇപ്പോള്‍ തെന്നിന്ത്യൻ സിനിമകളിലേക്കും ചുവടുവച്ചിരിക്കുകയാണ്.
ജൂനിയർ എൻ.ടി.ആർ നായകനാകുന്ന ചിത്രത്തിലൂടെ ജാൻവി തെലുങ്ക് സിനിമയില്‍ എത്തിക്കഴിഞ്ഞു. ഇപ്പോഴിതാ ജാൻവിയുടെ പുതിയ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് പിതാവ് ബോണി കപൂർ. മകളുടെ അടുത്ത ചിത്രങ്ങള്‍ രാംചരണ്‍ തേജ, സൂര്യ എന്നിവർക്കൊപ്പമായിരുക്കുമെന്നും അമ്മയെ പോലെ മറ്റു ഭാഷ ചിത്രങ്ങളിലേക്കും ജാൻവി ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
‘ ജാൻവി ഇപ്പോള്‍ ജൂനിയർ എൻ.ടി.ആറിനൊപ്പമുള്ള തെലുങ്ക് ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സെറ്റിലെ ഒരോ നിമിഷവും അവള് ആസ്വദിക്കുകയാണ്. ചിത്രീകരണം കഴിഞ്ഞാലും അവള് സെറ്റില്‍ തന്നെ സമയം ചിലവഴിക്കും. വൈകാതെ രാം ചരണ്‍ തേജക്കൊപ്പമുള്ള സിനിമയുടെ ചിത്രീകരണം ആരംഭിക്കും’.
‘ ഇപ്പോള്‍ അവള് ഒരുപാട് തെലുങ്ക് ചിത്രങ്ങള്‍ കാണാറുണ്ട്. തെന്നിന്ത്യൻ ചിത്രങ്ങള്‍ അവള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഒപ്പം തമിഴ് സിനിമയിലും അഭിനയിക്കാൻ ഒരുങ്ങുകയാണ് ജാൻവി. സൂര്യക്കൊപ്പമാണ് അവളുടെ ആദ്യ ചിത്രം. ശ്രീദേവിയും ഒന്നിലധികം ഭാഷകളില്‍ അഭിനയിച്ച നടിയാണ്. അതേ പാതയാണ് ജാൻവിയും പിന്തുടരുന്നത്.’ ബോണി കപൂർ പറഞ്ഞു