
കേരള സർവകലാശാല സെനറ്റ് യോഗത്തില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. വി സി നിയമനത്തിനായുള്ള പ്രതിനിധിയെ നല്‍കേണ്ടെന്ന പ്രമേയം സെനറ്റില്‍ പാസാക്കി.
ഇടത് അംഗം ഡോ ആർ നസീബ് ആണ് പ്രമേയം അവതരിപ്പിച്ചത്. അപ്രതീക്ഷിതമായി യോഗത്തിലേക്ക് എത്തിയ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവും വി.സിയുമായി തർക്കത്തില്‍ ഏർപ്പെട്ടു. പ്രമേയം പാസായെന്നും യോഗം അവസാനിച്ചെന്നും മന്ത്രി പറഞ്ഞതോടെ ഇതിനെ എതിർത്ത് വി.സി മോഹനൻ കുന്നുമല് രംഗത്തുവരികയായിരുന്നു.
തനിക്ക് ലഭിച്ച പേരുകളില്‍ ഒന്ന് ഗവർണർക്ക് സമർപ്പിക്കുമെന്ന് വി സി വ്യക്തമാക്കി. യുഡിഎഫ് അംഗങ്ങള്‍ കാലടി മുൻ വി സി ഡോ ദിലീപ് കുമാറിന്റെ പേര് നല്കി. സർവ്വകലാശാല ഭേദഗതി ബില്‍ തീരുമാനം ആകാതെ സെനറ്റ് പ്രതിനിധിയെ നല്‍കേണ്ടതില്ല എന്നാണ് സി.പി.ഐ.എം എടുത്ത തീരുമാനം.
സെർച്ച് കമ്മിറ്റിയിലേക്കുള്ള യൂണിവേഴ്സിറ്റി പ്രതിനിധിയെ നിശ്ചയിച്ച് നല്‍കണമെന്ന ഗവർണർ അന്ത്യശാസനം നല്‍കിയതിന് പിന്നാലെയാണ് കേരള സർവകലാശാലയില്‍ സെനറ്റ് യോഗം ചേരുന്നത്. യോഗം ചേരാനുള്ള തീരുമാനത്തിന് പിന്നാലെ എതിർപ്പുകളും വിവാദങ്ങളും ഉയർന്നിരുന്നു.