
കേരള പൊലീസിന്റെ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കാൻ മൂന്ന് വർഷം മുമ്ബ് ആരംഭിച്ച ‘പോള്‍ ആപ്’ സംവിധാനം കൂടുതല്‍ സജീവമായിരിക്കുകയാണ്.
കുറ്റകൃത്യങ്ങള്‍ റിപ്പോർട്ട് ചെയ്യുക, പൊലീസ് വെരിഫിക്കേഷന് അപേക്ഷിക്കുക തുടങ്ങി 27 സേവനങ്ങളാണ് ആപ്പിലൂടെ ലഭ്യമാകുന്നത്. ഇപ്പോഴിതാ ആപ്പില്‍ പുതിയൊരു സേവനം കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ് കേരള പൊലീസ്.
വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ തന്നെ പൊലീസിനെ എന്തുകാര്യവും അറിയിക്കാൻ കഴിയുന്ന സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പോള്‍ ആപ്പിലെ ‘ഷെയർ അനോനിമസ്ലി’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ഇതിലൂടെ രഹസ്യമായി വിവരങ്ങള്‍ കൈമാറാം. വ്യക്തിയെ സംബന്ധിച്ച യാതൊരു വിവരവും പുറത്തുപോകില്ല എന്നതാണ് ഈ ഓപ്ഷന്റെ പ്രത്യേകത. ആദ്യം ആപ്പിലെ ‘സർവീസസ്’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്തിനുശേഷം ‘റിപ്പോർട്ട് ടു അസ്’ എന്ന ഓപ്ഷനില്‍ ക്ളിക്ക് ചെയ്യുക. അതിനകത്തെ ‘ഷെയർ ഇൻഫോർമേഷൻ അനോനിമസ്ലി’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് എന്തുകാര്യവും രഹസ്യമായി പങ്കുവയ്ക്കാമെന്ന് പൊലീസ് പറയുന്നു.
നിലവിലുണ്ടായിരുന്ന മൊബൈല്‍ ആപ്പുകള്‍ ഒരുമിപ്പിച്ചാണ് പോള്‍ ആപ്പ് എന്ന പേരില്‍ പുതിയത് ഒരുക്കിയത്. സാധാരണക്കാർക്ക് വളരെ എളുപ്പം ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ആപ്പ് ഡിസൈൻ ചെയ്തിരിക്കുന്നത്.
ചില സേവനങ്ങള്‍
1. ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷൻ, പൊലീസ് മേധാവികളുടെ ഫോണ്‍ നമ്ബർ, ഇമെയില്‍ വിലാസം എന്നിവ ആപ്പില്‍ നിന്ന് അറിയാം.
2. പൊലീസ് വഴി ലഭിക്കുന്ന സേവനങ്ങള്‍ക്കുള്ള ഫീസ് ട്രഷറിയിലേക്ക് ആപ് വഴി അടക്കാൻ സാധിക്കും.
3. എഫ്.ഐ.ആർ റിപ്പോർട്ട് ആപിലൂടെ ഡൗണ്‍ലോഡ് ചെയ്യാം.
4. പാസ്പോർട്ട് പരിശോധനയുടെ സ്റ്റാറ്റസ് പോള്‍ ആപ് വഴി അറിയാം.
5. മുതിർന്ന പൗരന്മാർക്കുള്ള ജനമൈത്രി സേവനത്തിന്റെ
രജിസ്ട്രേഷൻ ആപ് വഴി ചെയ്യാം.
6. വീടുപൂട്ടി പോകുന്ന അവസരങ്ങളില്‍ അടുത്തുള്ള പൊലീസ്
സ്റ്റേഷനിലറിയിക്കാനും ആപ് ഉപയോഗിക്കാം.
7. സൈബർ മേഖലയിലെ തട്ടിപ്പുകള്‍ തടയാനുള്ള നിർദ്ദേശങ്ങള്‍ ആപ്പില്‍ ലഭിക്കും.
8. കുറ്റകൃത്യങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും പൊലീസിന്
നേരിട്ടറിയിക്കാനും പോള്‍ ആപ്പില്‍ സൗകര്യമുണ്ട്.