
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെയുള്ള കേസ് അട്ടിമറിക്കുന്നതിനെതിരേ പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ നോട്ടീസ് തള്ളി.
വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചത്. നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസ് അട്ടിമറിക്കുന്ന സംഭവത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്ബിലാണ് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിമാരുടെ ഇടതും വലതും നില്ക്കുന്ന ഗണ്മാന്മാരാണ് ചട്ടം ലംഘിച്ചുകൊണ്ട് പ്രവര്‍ത്തകരെ മര്‍ദിച്ചത്. ചോദ്യം ചെയ്യലിന് പോലും ഗണ്മാന് ഹാജരാകുന്നില്ലെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ വിഷയം കോടതിയുടെ പരിഗണനയിലായതിനാലും സമീപകാലത്തു നടന്ന സംഭവമല്ലാത്തതിനാലും നോട്ടീസ് അനുവദിക്കാനാകില്ലെന്ന് സ്പീക്കര്‍ നിലപാടെടുത്തു.
ഇത് സമീപകാലത്ത് നടന്ന സംഭവം തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ചൂണ്ടിക്കാണിച്ചു. കേസിലെ അട്ടിമറിയാണ് തങ്ങള്‍ നോട്ടീസില്‍ ഉന്നയിച്ചതെന്ന് സതീശന് വിശദീകരിക്കുന്നതിനിടെ സ്പീക്കര്‍ നോട്ടീസിന് അനുമതി നല്‍കാനാവില്ലെന്ന് ആവര്‍ത്തിച്ചു.
ഇതോടെ പ്രതിപക്ഷ നേതാവും സ്പീക്കറും തമ്മില്‍ വാക്പോരുണ്ടായി. ഇതോടെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. എന്നാല്‍ സഭാനടപടികള്‍ തുടര്‍ന്നതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങുകയായിരുന്നു.