ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ വിരാട് കോഹ്ലിക്ക്(Virat Kohli) ഇന്ന് 34 ആം ജന്മദിനം. ട്വന്റി – 20 ലോകകപ്പ് തിരക്കിനിടെ ഓസ്‌ട്രേലിയയിലാണ് ഇക്കുറി കിങ് കോഹ്ലിയുടെ പിറന്നാള്‍ ആഘോഷം. എ പ്രൌഡ് ഹസ്ബന്‍ഡ് ആന്‍ഡ് ഫാദര്‍ എന്ന് ട്വിറ്ററില്‍ സ്വയം വിശേഷിപ്പിക്കുന്ന കോഹ്ലിക്ക് മകള്‍ വാമിക ജനിച്ചതിന് ശേഷമുള്ള രണ്ടാമത്തെ പിറന്നാളാണ് ഇന്ന്.
പിറന്നാളാശംസകള്‍ നേര്‍ന്നുള്ള ആരാധകരുടെ പോസ്റ്റുകളും വീഡിയോകളും സമൂഹ മാധ്യമങ്ങള്‍ കീഴടക്കിയിട്ടുണ്ട്.കഠിനാദ്ധ്വാനികള്‍ പ്രതിഭകളെ നിസ്സാരരാക്കിയതിന് ഉദാഹരണമാണ് വിരാട് കോഹ്ലിയുടെ കരിയര്‍. തന്നേക്കാള്‍ പ്രതിഭാ സ്പര്‍ശമുള്ളവരെ കഠിനാദ്ധ്വാനത്തിന്റെയും പോരാട്ടവീര്യത്തിന്റെയും ബാറ്റ് കൊണ്ട് പിന്നിലാക്കിയാണ് കോഹ്ലി മുന്നേറിയത്. ഡല്‍ഹിയിലെ പഞ്ചാബി കുടുംബത്തില്‍ ജനിച്ച വിരാടിന് ഗോഡ് ഫാദര്‍മാര്‍ ആരും ഉണ്ടായിരുന്നില്ല. ക്രിക്കറ്റ് കളിക്കാന്‍ തന്നെ പ്രേരിപ്പിച്ച പിതാവ് വിട പറയുമ്പോള്‍ കോഹ്ലിക്ക് 18 വയസ്. ശാന്തമായി മുന്നേറി കൊണ്ടിരിക്കുന്ന ഇന്നിങ്‌സ് ഇടയ്ക്ക് മുറിഞ്ഞതു പോലെയായിരുന്നു ആ വിയോഗം. പിതാവിന്റെ ഓര്‍മകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട കോഹ്ലി നിരന്തര പരിശ്രമത്തിലൂടെയും കഠിനദ്ധ്വാനത്തിലൂടെയും പക്വത നേടി. ഡ്രൈവുകളിലൂടെയും ഫ്‌ലിക്കുകളിലൂടെയും കളിയുടെ സ്വഭാവത്തിന് അനുസരിച്ച് റണ്‍റേറ്റ് ഉയര്‍ത്താനും താഴ്ത്താനും അറിയാവുന്ന ലെജന്‍ഡറി പ്ലെയറായി.2021 ലെ ട്വന്റി – 20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ തോറ്റതിന് പിന്നാലെ മുഹമ്മദ് ഷമിയുടെ നേര്‍ക്ക് വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഷമിക്കൊപ്പം വിരാട് കോഹ്ലി ഉറച്ചു നിന്നു. മതത്തിന്റെ പേരില്‍ വിവേചനം നടത്തുന്നത് ഒരു മനുഷ്യന് ചെയ്യാവുന്ന മോശം കാര്യമാണെന്നായിരുന്നു കോഹ്ലിയുടെ പ്രതികരണം.ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി ജയിച്ച ക
ളികളെ കുറിച്ച് അറിവില്ലാത്തവരാണ് അവരുടെ അസ്വസ്ഥതകള്‍ ഈ വിധം തീര്‍ക്കുന്നതെന്നും അങ്ങനെയുള്ളവര്‍ക്ക് വേണ്ടി എന്റെ ജീവിതത്തിലെ ഒരു മിനിറ്റ് പോലും കളയാന്‍ തയ്യാറല്ലെന്നും കോഹ്ലി വെട്ടിത്തുറന്നു പറഞ്ഞു. ഇതേ തുടര്‍ന്ന് കോഹ്ലിയുടെ പിഞ്ചു മകള്‍ വാമികയ്‌ക്കെതിരെ വിദ്വേഷ പ്രചാരകരുടെ ബലാത്സംഗ ഭീഷണി ഉയര്‍ന്നെങ്കിലും കോഹ്ലിയും പത്‌നി അനുഷ്‌കയും പതറിയില്ല.2014 ല്‍ ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റനായ കോഹ്ലി 2017 ലാണ് ഏകദിന ടീമിന്റെ നായക പദവിയിലെത്തിയത്. 2010 ജൂണ്‍ 12 ന് സിംബാബ്വെക്കെതിരെ ട്വന്റി-20യില്‍ അരങ്ങേറ്റം കുറിച്ച കോഹ്ലി ഇതേവരെ 112 മത്സരങ്ങളില്‍ നിന്നും 52.3 ശരാശരിയില്‍ 3868 റണ്‍സ് നേടിയിട്ടുണ്ട്. കരിയറില്‍ ഒട്ടനവധി റെക്കോര്‍ഡുകള്‍ പേരിലുള്ള കോഹ്ലി ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലാണ് . കളിച്ച 4 മത്സരങ്ങളില്‍ നിന്നും 3 അര്‍ധ സെഞ്ചുറികളോടെ 220 റണ്‍സാണ് കോഹ്ലിയുടെ സമ്പാദ്യം. നാളെയാണ് സിംബാബ്വെയ്‌ക്കെതിരായ ടീം ഇന്ത്യയുടെ അതിനിര്‍ണായക മത്സരം. പിറന്നാള്‍ പിറ്റേന്ന് നടക്കുന്ന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിച്ചാല്‍ ടീം ഇന്ത്യയുടെ സെമി പ്രവേശനത്തോടൊപ്പം വിരാടിന്റെ ജന്മദിനവും അവിസ്മരണീയമാകും. കോഹ്ലി ഒന്നേയുള്ളൂ. മുമ്പൊരു കോഹ്ലി ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാനും പോകുന്നില്ല. ലോകക്രിക്കറ്റിലെ കിങ് കോഹ്ലിക്ക് കൈരളി ന്യൂസിന്റെ പിറന്നാള്‍ ആശംസകള്‍.