തിരുവനന്തപുരം: പാറശാലയിലെ ഷാരോണ്‍ രാജിന്റെ കൊലപാതക കേസിലെ അന്വേഷണത്തില്‍ പൊലീസിന്റെ വീഴ്ച വ്യാപക വിമര്‍ശനങ്ങള്‍ക്ക്‌ വഴിവച്ച ഘട്ടത്തിലാണ്‌ റൂറല്‍ എസ്പി ഡി ശില്‍പയുടെ നേരിട്ടുള്ള ഇടപെടലുണ്ടാകുന്നത്‌. പാറശാല പൊലീസ്‌ വഴികള്‍ക്ക്‌ അപ്പുറത്തേക്കുള്ള ശില്‍പയുടെ സഞ്ചാരമാണ്‌ മറഞ്ഞിരുന്ന പ്രതിയെ വെളിച്ചത്ത്‌ കൊണ്ടുവന്നത്‌.

Spread the love

അതിന്‌ സഹായകരമായത്‌ ആറുപേരെ കൊലപ്പെടുത്തി സ്വത്ത്‌ തട്ടിയെടുക്കാന്‍ ശ്രമിച്ച കൂടത്തായി ജോളിയെ പൂട്ടിയ ത്രന്തങ്ങളും. കൂടത്തായിയില്‍ അന്വേഷണസംഘത്തലവനായിരുന്ന കെ.ജി സൈമണിന്‌ കീഴില്‍ എഎസ്പിയായുണ്ടായിരുന്ന ശില്‍പ്പ അതേ തന്ത്രമാണ്‌ ഇവിടെയും പുറത്തെടുത്തത്‌.

പാറശാല പൊലീസില്‍ നിന്ന്‌ ജില്ലാ ക്രൈംര്രാഞ്ച്‌ ഏറ്റെടുത്ത കേസ്‌ ഫയലുകള്‍ നേരിട്ട്‌ പരിശോധിച്ച ശേഷം അഡീഷണല്‍ എസ്‌പി സുള്‍ഫിക്കറിന്റെയും ഡിവൈഎസ്പി ജോണ്‍സണിന്റെയും നേതൃത്വത്തില്‍ അന്വേഷണത്തിന്‌ പദ്ധതി തയ്യാറാക്കി. കുറ്റകൃത്യത്തെപ്പറ്റി ഷാരോണിന്റെ മരണമൊഴിയില്‍പ്പോലും പറഞ്ഞ്ട്ടില്ലാത്ത സാഹചര്യത്തില്‍ പഴുതടച്ച തെളിവുകള്‍ സമാഹരിക്കുകയായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യശ്രമം.

കൂടത്തായിയിലെ പ്രാഥമിക ചോദ്യം ചെയ്യലില്‍ സയനൈഡ്‌ എത്തിച്ചുനല്‍കിയ മാത്യുവിന്‌ മേല്‍ കൊലപാതകങ്ങള്‍ ചുമത്താന്‍ ശ്രമിച്ച ജോളിയെ സംഭവ ദിവസം സ്ഥലത്ത്‌ അയാളുടെ സാന്നിദ്ധ്യമില്ലാതിരുന്നതുള്‍പ്പെടെയുള്ള തെളിവുകള്‍ നിരത്തി അടപടലേ പൂട്ടിയ തന്ത്രം പാറശാലക്കേസില്‍ ഗ്രീഷ്മയ്ക്കും ഫലിച്ചു.

ഷാരോണിന്‌ കഷായവും ജ്യൂസും മാത്രമാണ്‌ നല്‍കിയതെന്ന്‌ പറഞ്ഞ്‌ തടിയൂരാന്‍ ശ്രമിച്ച ഗ്രീഷ്മ ഷാരോണിന്റെയും തന്റെയും ഫോണില്‍ നിന്ന്‌ കണ്ടെടുത്ത തെളിവുകള്‍ക്ക്‌ മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ വിങ്ങിപ്പൊട്ടി.
വിവിധ കീടനാശിനികള്‍ ആന്തരികാവയവങ്ങളെ ബാധിക്കുന്നത്‌ സംബന്ധിച്ചും ഗൂഗിളില്‍ താന്‍ നടത്തിയ ബ്രൌസിംഗുകളുടെ തെളിവുകള്‍ക്ക്‌ മുന്നില്‍ ഉത്തരം മുട്ടിയായിരുന്നു കുറ്റസമ്മതം. മൂന്നാം മുറയോ സങ്കീര്‍ണമായ നടപടികളോ ഒന്നും കൂടാതെ പൊലീസിന്റെ കൂര്‍മ്മബുദ്ധിയും ശാസ്ര്രീയതെളിവുകളുമാണ്‌ കേസ്‌ തെളിയിക്കാന്‍ ശില്‍പ്പയെയും കൂട്ടരെയും സഹായിച്ചത്‌.

കൂടത്തായിയ്ക്ക്‌ സമാനമായി തിരുവനന്തപുരം കരമനയില്‍ കൂടത്തില്‍ തറവാട്ടിലെ സ്വത്ത്‌ തട്ടിയെടുക്കല്‍ കൊലപാതകത്തില്‍ കൊലപാതകക്കുറ്റം ചുമത്തിയതുള്‍പ്പെടെ കൊലപാതകങ്ങളും ക്രിമിനല്‍ കേസുകളും അന്വേഷിച്ച അഡീഷണല്‍ എസ്‌പി സുള്‍ഫിക്കറും. തിരുവനന്തപുരം സിറ്റിയിലും റൂറലിലും അസി. കമ്മിഷണര്‍, ഡിവൈഎസ്പി പദവികളില്‍ ഏറെ നാള്‍ ജോലി ചെയ്തിട്ടുള്ള സുള്‍ഫിക്കറിന്‌ അടുത്തിടെയാണ്‌ അഡീഷണല്‍ എസ്പിയായി സ്ഥാനക്കയറ്റം ലഭിച്ചത്‌.

മാസങ്ങള്‍ക്ക്‌ മുമ്പ്‌ റൂറല്‍ എസ്പിയായി ചുമതലയേറ്റ ഡി. ശില്‍പ്പ കുറ്റാന്വേഷണരംഗത്തും പൊലീസിംഗിലും കാര്യക്ഷമമായ ഇടപെടലാണ്‌ നടത്തിയിട്ടുള്ളത്‌. കേരളത്തിലേക്ക്‌ മയക്കുമരുന്ന്‌ കടത്തുന്ന സംഘത്തിലെ പ്രധാനിയും കൊലക്കേസ്‌ പ്രതിയുമായ പെരുങ്കുഴി വിശാഖം വീട്ടില്‍ ശബരീനാഥിനെ ഒരു കോടിരൂപ വിലമതിക്കുന്ന എംഡിഎ.യുമായി അറസ്റ്റ്‌ ചെയ്തതുള്‍പ്പെടെ നിരവധി കേസുകള്‍ അന്വേഷിക്കാനും കുറ്റവാളികളെ അറസ്റ്റ്‌ ചെയ്യാനും ശില്‍പ്പയ്ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

ബാംഗ്ലൂര്‍ സ്വദേശിയായ ശില്‍പ 2016 ഐപിഎസ്‌ ബാച്ചുകാരിയായാണ്‌. കാസര്‍ കോഡ്,ആലപ്പുഴ, കോട്ടയം ജില്ലകളില്‍ എസ്പിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്‌. കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ട ബോസുമായി ചങ്ങാത്തമുണ്ടാക്കുകയും അയാള്‍ക്കായി കേസൊതുക്കുകയും മാസപ്പടി വാങ്ങുകയും ചെയ്ത ഡിവൈഎസ്പിയെയും ഇന്‍സ്പെക്ടറെയും രണ്ട്‌ പോലീസുകാരെയും കണ്ടെത്തി സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ നല്‍കിയത്‌ ശില്‍പ്പ കോട്ടയം എസ്പിയായിരുന്നപ്പോഴാണ്‌.

പിന്നാലെ ഉന്നത ഇടപെടലിനെ തുടര്‍ന്നാണ്‌ ശില്‍പ്പയെ തിരുവനന്തപുരം റൂറലിലേക്ക്‌ മാറ്റിയത്‌. ശില്‍പ സ്ഥാനത്ത്‌ തുടര്‍ന്നാല്‍ കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്ന്‌ ബോദ്ധ്യമുള്ളവരാണ്‌ അവരെ സ്ഥലം മാറ്റിയതെന്ന്‌ സേനയ്ക്ക്‌ ഉള്ളില്‍ നിന്ന്‌ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കോട്ടയത്ത്‌ പങ്കാളികളെ കൈമാറ്റം ചെയ്യുന്ന സംഘത്തെ പുറത്ത്‌ എത്തിക്കുന്നതിലും ശില്‍പ നിര്‍ണായക ഇടപെടലാണ്‌ നടത്തിയത്‌.

Leave a Reply

Your email address will not be published.