വിഴിഞ്ഞം സമരത്തിൽ സംഘർഷം; ബാരിക്കേട് തകർത്ത് സമരക്കാർ നിർമ്മാണ മേഖലയിൽ പ്രവേശിച്ചു

Spread the love

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായി ലത്തീൻ രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന മത്സ്യത്തൊഴിലാളികളുടെ സമരത്തിൽ സംഘർഷം. ബാരിക്കേട് തകർത്ത് സമരക്കാർ തുറമുഖ നിർമ്മാണ പ്രവർത്തനം നടക്കുന്ന സ്ഥലത്ത് പ്രവേശിച്ചു. പിന്നീട് ഇവരെ പൊലീസുകാർ അനുനയിപ്പിച്ചു. വിഴിഞ്ഞത്തെ തുറമുഖ സമരത്തിൽ സർക്കാർ ഇന്ന് ചർച്ച നടത്താനിരിക്കെയാണ് സമരം ശക്തമാക്കിയത്. പ്രതിഷേധക്കാർ അദാനി ഗ്രൂപ്പിൻറെ ഓഫീസിൽ സമരക്കാർ കൊടി നാട്ടി. പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് സമരം കൂടുതൽ ശക്തമാക്കിയിരിക്കുന്നത്. വിഴിഞ്ഞം തുറമുഖകവാടത്തിൽ മത്സ്യത്തൊഴിലാളികളുടെ സമരത്തിന്റെ നാലാം ദിനമാണിന്ന്. സ്ത്രീകൾ അടക്കമുള്ള പ്രതിഷേധക്കാർ പൊലീസ് ബാരിക്കേഡ് മറിച്ചിട്ട് തുറമുഖത്തേക്കു മാർച്ച് നടത്തുകയായിരുന്നു. തുറമുഖത്തേക്കു കടക്കാതിരിക്കാനായി പൊലീസ് സ്ഥാപിച്ചിരുന്ന ഇരുമ്പ് ബാരിക്കേഡുകൾ സമരക്കാർ മറിച്ചിട്ടു. പൊലീസിന്റെ വലിയ സന്നാഹമാണ് സ്ഥലത്തുള്ളത്. തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്നതടക്കമുള്ള തങ്ങളുടെ ആവശ്യങ്ങളിൽ നിന്നും പിന്നോട്ട് പോകില്ലെന്ന് സമരക്കാർ ആവർത്തിച്ചു. പള്ളം ലൂർദ്പുരം, അടിമലത്തുറ, കൊച്ചു പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇന്ന് ഉപരോധസമരത്തിന് നേതൃത്വം നൽകുന്നത്. ശരിയായ പഠനത്തിന്റെ അടിസ്ഥാനത്തിലല്ല വിഴിഞ്ഞം പദ്ധതി മുന്നോട്ടു പോകുന്നതെന്നും തീരശോഷണത്തിന് കാരണം അദാനിയുടെ വിഴിഞ്ഞം തുറമുഖ നിർമ്മാണമാണെന്നുമാണ് തീരദേശവാസികൾ ആരോപിക്കുന്നത്. തുറമുഖ നിർമ്മാണം ജനജീവിതത്തെ ദോഷകരമായി ബാധിക്കുമെന്നും സമരക്കാർ പറയുന്നു. തുറമുഖ പദ്ധതി കാരണം ജോലി നഷ്ടപ്പെട്ടവർക്ക് പുനരധിവാസം, അപകടമുണ്ടാകുന്ന സ്ഥലങ്ങളിൽ സുരക്ഷ, തുറമുഖ നിർമ്മാണം മൂലമുണ്ടാകുന്ന തീരശോഷണത്തിന് പരിഹാരം എന്നീ ആവശ്യങ്ങളാണ് തീരദേശവാസികൾ ഉന്നയിക്കുന്നത്. അതോടൊപ്പം മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണയുടെ വില കുറയ്ക്കണമെന്ന ആവശ്യവും സമരക്കാർ മുന്നോട്ടു വെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.