7 ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം, നടന്‍ വിനായകന് ഇന്ന് നോട്ടീസ് നല്‍കും

Spread the love

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സമൂഹ മാധ്യമം വഴി അധിക്ഷേപിച്ച നടന്‍ വിനായകന് ഇന്ന് നോട്ടീസ് നല്‍കും. 7 ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കുക. ഉമ്മന്‍ ചാണ്ടിയുടെ ശവസംസ്‌കാരത്തെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന് വിനായകനെതിരെ കോണ്‍ഗ്രസ് അണികളില്‍ നിന്നും മറ്റും പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു.

കഴിഞ്ഞ ദിവസം കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ കെന്റ് ഹെയില്‍ ഗാര്‍ഡനിലെ ഫ്‌ലാറ്റിലെത്തിയ ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിനായകന്റെ ഫ്‌ലാറ്റിലെ ജനല്‍ ചില്ല് തല്ലിപ്പൊട്ടിക്കുകയും വാതില്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഫ്‌ലാറ്റിനുള്ളിലേക്ക് കടന്ന് ചെന്ന് ജനല്‍ ചില്ല് തല്ലിത്തകര്‍ക്കുകയും വാതില്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

തുടര്‍ന്ന് പൊലീസും ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്നാണ് ഇവരെ മാറ്റിയത്. ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് പിന്നാലെ നടന്‍ വിനായകന്റെ ഫേസ്ബുക്ക് ലൈവിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയും തുടര്‍ന്ന് നടന്‍ ഫേസ്ബുക്കില്‍ നിന്ന് വീഡിയോ പിന്‍വലിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിഷേധമറിയിച്ചുകൊണ്ട് വിനായകന്റെ ചിത്രം മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക ബിന്ദു ചന്ദ്രന്‍ വി കത്തിച്ചു.അതേസമയം, ‘ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസമൊക്കെ, നിര്‍ത്തിയിട്ട് പോ, പത്രക്കാരോടാണു പറയുന്നത്. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്തു ചെയ്യണം. നല്ലവനാണെന്നു നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മള്‍ക്കറിയില്ലേ ഇയാള്‍ ആരൊക്കെയാണെന്ന്’, എന്നായിരുന്നു വിനായകന്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത്.

Leave a Reply

Your email address will not be published.