ചാവക്കാട് എടക്കഴിയൂരില്‍ മീന്‍ കുഞ്ഞുങ്ങളെ പിടിച്ച വള്ളം പിടിച്ചെടുത്തു. അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെയാണ് മീൻ കുഞ്ഞുങ്ങളെ പിടിച്ചത് സംഭവത്തിൽ ഫിഷറീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് വള്ളം പിടിച്ചെടുത്തത്. എടക്കഴിയൂര്‍ കടപ്പുറത്ത് തീരത്തോട് ചേര്‍ന്ന് ചെറുമീനുകളെ പിടിച്ച മലപ്പുറം താനൂര്‍ സ്വദേശി അബ്ദുള്‍ ജലാലിന്റെ ഉടമസ്ഥതയിലുള്ള വി എസ് എം. 2 എന്ന വള്ളമാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വള്ളത്തില്‍ 10 സെന്റീമീറ്ററില്‍ താഴെ വലിപ്പമുള്ള അഞ്ചു ടണ്‍ അയലക്കുഞ്ഞുങ്ങളും ഫിഷറീസ് അധികൃതര്‍ പിടികൂടി.
മത്സ്യസമ്പത്ത് കുറയുന്നതിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് വള്ളം പിടികൂടിയത്. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലില്‍ നിക്ഷേപിച്ചു. വള്ളം ഉടമയില്‍നിന്നും പിഴ ഈടാക്കും. ഭക്ഷ്യയോഗ്യമായ 58 ഇനം കടല്‍ മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിന് താഴെ പിടികൂടരുതെന്ന സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം ഇവരുടെ പേരില്‍ കേസെടുത്തു.
അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എം എന്‍ സുലേഖയുടെ നേതൃത്വത്തില്‍ മുനക്കടവ് കോസ്റ്റല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അഴീക്കോട് എന്നിവരുടെ സംയുക്ത പട്രോളിങ്ങിലാണ് ചെറുമത്സ്യങ്ങളെ പിടിച്ച വള്ളം പിടിച്ചെടുത്തത്.
അതേസമയം, അശാസ്ത്രീയ മത്സ്യബന്ധന രീതിക്കെതിരേ കര്‍ശന നടപടി തുടരുമെന്നും സ്‌പെഷല്‍ ടാസ്‌ക് സ്‌ക്വാഡുകളുടെ പരിശോധന ഉണ്ടായിരിക്കുമെന്നും തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ ടി അനിത അറിയിച്ചു.