ട്രാഫിക് സിഗ്‌നലില്‍ ഹോണ്‍ മുഴക്കി എന്ന് ആരോപിച്ച് സര്‍ക്കാര്‍ ജീവനക്കാരന് ക്രൂരമര്‍ദ്ദനം. നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനെയാണ് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന രണ്ടു യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ കേസെടുത്ത് കരമന പൊലീസ് അന്വേഷണം തുടങ്ങി. പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
നിറമണ്‍കരയിലാണ് സംഭവം. സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന രണ്ടു യുവാക്കളാണ് പ്രദീപിനെ മര്‍ദ്ദിച്ചത്. കരമന പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് പ്രദീപ് ആരോപിച്ചു.
ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം നടന്നത്. നിയമം ലംഘിച്ചാണ് സ്‌കൂട്ടര്‍ യാത്രക്കാര്‍ വാഹനം ഓടിച്ചിരുന്നത് എന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തന്നെ വ്യക്തമാണ്. ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ട്രാഫിക് സിഗ്‌നലില്‍ കിടക്കുമ്പോഴാണ് എയര്‍ ഹോണ്‍ മുഴക്കി എന്ന് ആരോപിച്ച് ഇരുവരും തട്ടിക്കയറിയതെന്ന് പ്രദീപ് പറയുന്നു.
താന്‍ അല്ല എയര്‍ ഹോണ്‍ മുഴക്കിയത് എന്ന് പറഞ്ഞിട്ടും അവര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. ഇരുവരും ചേര്‍ന്ന് നിലത്തിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പ്രദീപ് പറയുന്നു.സിഗ്‌നലില്‍ പച്ച കത്തിയപ്പോള്‍ പെട്ടെന്ന് തന്നെ സ്‌കൂട്ടര്‍ എടുത്ത് ഇരുവരും കടന്നുകളഞ്ഞു. നാട്ടുകാര്‍ ചേര്‍ന്നാണ് പ്രദീപിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. പ്രദീപിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. തുടക്കത്തില്‍ കരമന പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും പ്രദീപ് ആരോപിക്കുന്നു. തുടര്‍ന്ന് സംഭവം നടന്ന സ്ഥലത്ത് സമീപത്തുള്ള കടയില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ പ്രദീപ് ശേഖരിക്കുകയായിരുന്നു.