കാത്തിരിപ്പിനൊടുവില്‍ ഇടുക്കി സത്രം എയര്‍സ്ട്രിപ്പില്‍ വിമാനമിറങ്ങി. രണ്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന വൈറസ് എസ്.ഡബ്ല്യു എന്ന വിമാനമാണ് ലാന്‍ഡ് ചെയ്തത്. ഉദ്യമം വിജയത്തിലെത്തുന്നതിന് മുന്‍പ് നിരവധി പ്രതിസന്ധികളെ മറികടക്കേണ്ടി വന്നിരുന്നു. പൊതുമരാമത്ത് മന്ത്രി നേരിട്ടെത്തി നടത്തിയ ഇടപെടലുകളാണ് ഫലം കണ്ടത്.
രാവിലെ 9.30-ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട വൈറസ് എസ്.ഡബ്ല്യു എന്ന വിമാനം പത്തരയോടെ എയര്‍സ്ട്രിപ്പിലെത്തി. മൂന്നു തവണ വട്ടമിട്ട് കറങ്ങിയ ശേഷം ഒടുവില്‍ വിജയകരമായി റണ്‍വേയിലേക്ക്.
എന്‍.സി.സി കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കുന്നതിനായി പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച സംസ്ഥാനത്തെ എയര്‍സ്ട്രിപ്പാണ് വണ്ടിപ്പെരിയാറിലേത്. രണ്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് ദൗത്യം പൂര്‍ത്തിയാക്കിയത്.
2017-ല്‍ നിര്‍മാണം ആരംഭിച്ചുവെങ്കിലും കാലാവസ്ഥയടക്കമുള്ള നിരവധി പ്രതിസന്ധികള്‍ പദ്ധതിക്ക് വെല്ലുവിളികളായി. ഏപ്രിലിലും ജൂണിലും വിമാനമിറക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. റണ്‍വേയുടെ അറ്റത്തുള്ള മണ്‍തിട്ടയായിരുന്നു പ്രധാന തടസം. പിന്നീട് മണ്‍തിട്ട ഇവിടെ നിന്നു നീക്കിയാണ് ഈ തടസം പരിഹരിച്ചത്. പെരിയാര്‍ കടുവാസങ്കേതത്തിലെ മൃഗങ്ങളുടെ ആവാസ വ്യവസ്ഥയില്‍ ആശങ്കയുന്നയിച്ച് സ്വകാര്യ വ്യക്തി കോടതിയെ സമീപിക്കുകയും ചെയ്തു.
97 ശതമാനം നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കിയതിനിടെ ഉണ്ടായ വന്‍ മണ്ണിടിച്ചിലും തിരിച്ചടിയായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പദ്ധതിയുടെ നടത്തിപ്പില്‍ നേരിട്ട് ഇടപെടല്‍ നടത്തി. ചീഫ് എഞ്ചിനീയറെ തന്നെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. കാര്യക്ഷമമായ ഇടപെടലിലൂടെയാണ് ഉദ്യമം വിജയത്തിലെത്തുകയും ചെയ്തിരിക്കുന്നു.