📡പ്രഭാത വാർത്തകൾ 2024 ജനുവരി 27 ശനി 1199 മകരം 13 ആയില്യം 1445 റജബ് 15 വിഎം ടീവി ന്യൂസിൽ

Spread the love

◾ബിഹാറില്‍ നാടകീയമായ രാഷ്ട്രീയ നീക്കങ്ങള്‍. മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ച് ബിജെപിയുടെ പിന്തുണയോടെ നാളെ മുഖ്യമന്ത്രിയായി ചമുതലയേറ്റേക്കും. നിതീഷ് കുമാര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഇന്നു വൈകുന്നേരം ജെഡിയു എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. 19 കോണ്‍ഗ്രസ് എംഎല്‍എമാരേയും ചാക്കിടാന്‍ ബിജെപി രഹസ്യ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ട്.

◾തിരുവനന്തപുരം, മലപ്പുറം ജില്ലകളിലായി ആറു പേര്‍ മുങ്ങി മരിച്ചു. തിരുവനന്തപുരത്ത് വെള്ളായണി കായലില്‍ വവ്വാ മൂലയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികളാണു മുങ്ങി മരിച്ചത്. വെങ്ങാനൂര്‍ ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥികളും വെട്ടുകാട് സ്വദേശികളുമായ മുകുന്ദനുണ്ണി (19) ഫെര്‍ഡിന്‍ (19) ലിബിനോണ്‍ (19) എന്നിവരാണ് മരിച്ചത്. ഇവരൊടൊപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം നിലമ്പൂരില്‍ അകമ്പാടം സ്വദേശികളായ ബാബു- നസീമ ദമ്പതികളുടെ മക്കളായ റിന്‍ഷാദ് (14) റാഷിദ് (12) എന്നിവരാണ് മരിച്ചത്. ചാലിയാര്‍ പഞ്ചായത്തിലെ പെരുവംപാടം കുറുവന്‍ പുഴയുടെ കടവിലാണ് അപകടമുണ്ടായത്. തിരുവനന്തപുരം കല്ലമ്പലം നാവായികുളത്ത് പ്ലാച്ചിവെട്ടം സ്വദേശിയായ രഞ്ജിത്ത് മുങ്ങിമരിച്ചു.

◾റിപ്പബ്ളിക് ദിനാഘോഷത്തിനു ഹൈക്കോടതി ജീവനക്കാര്‍ പ്രധാനമന്ത്രിയെ അപമാനിച്ചുകൊണ്ട് ഹ്രസ്വനാടകം അവതരിപ്പിച്ചെന്ന പരാതിയെത്തുടര്‍ന്ന് അസിസ്റ്റന്റ് റജിസ്ട്രാര്‍ ടി.എ.സുധീഷ്, കോര്‍ട്ട് കീപ്പര്‍ പി.എം.സുധീഷ് എന്നിവരെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച് വിജിലന്‍സ് റജിസ്ട്രാര്‍ അന്വേഷിക്കും. നാടകം എഴുതിയത് അസിസ്റ്റന്റ് റജിസ്ട്രാര്‍ സുധീഷാണ്. ‘വണ്‍ നേഷന്‍, വണ്‍ വിഷന്‍, വണ്‍ ഇന്ത്യ’ എന്ന നാടകത്തിനെതിരേ ലീഗല്‍ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തും സുപ്രീംകോടതി, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും കേന്ദ്ര നിയമ മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

◾റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനില്‍ ഒരുക്കിയ ചായസത്ക്കാരം മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചു. റിപ്പബ്ളിക് ദിന പരിപാടിയില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും മുഖത്തോടു മുഖം പോലും നോക്കാതെയാണ് പങ്കെടുത്തത്.

◾റിപ്പബ്ലിക് ദിന പരേഡില്‍ പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചത് കരാറുകാരന്റെ വാഹനത്തില്‍. കോഴിക്കോട്ടെ കൈരളി കണ്‍സ്ട്രക്ഷന്‍സിന്റെ വാഹനത്തിലാണ് കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ നടന്ന പരേഡില്‍ അഭിവാദ്യം സ്വീകരിച്ചത്. പൊലീസിനു വാഹനമില്ലാത്തതിനാലാണ് സ്വകാര്യവാഹനം ഉപയോഗിച്ചതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.

◾ഗവര്‍ണറുടെ നിലപാട് ഭരണഘടനാ വിരുദ്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. നയപ്രഖ്യാപന പ്രസംഗം വായിക്കാതെ റിപ്പബ്ളിക് ദിന പ്രസംഗം നടത്തിയ ഗവര്‍ണര്‍ക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നും നിലവിട്ട നിലയിലാണ് പെരുമാറ്റമെന്നും ഗോവിന്ദന്‍ പറഞ്ഞു.

https://www.youtube.com/live/8-ge8x08KMk?si=eG8mZY0CaVl4Mor2

◾നിക്ഷേപത്തട്ടിപ്പു കേസില്‍ ഒളിവില്‍ പോയ ഹൈറിച്ച് ഉടമകളായ വി.ഡി. പ്രതാപനും ഭാര്യ ശ്രീനയും 1,157 കോടി രൂപ തട്ടിയെടുത്തെന്ന് എന്റഫോഴ്സ്മെന്റ്. പണം വിദേശത്തേക്കു കടത്തി. കാനഡയില്‍ രൂപീകരിച്ച കമ്പനി കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മണിചെയിന്‍ മാതൃകയിലുള്ള നിക്ഷേപത്തട്ടിപ്പിനു പുറമേ, ക്രിപ്റ്റോ കറന്‍സി, ഒടിടി പ്ളാറ്റ്ഫോം എന്നിവയുടെ മറവിലും തട്ടിപ്പു നടത്തിയിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ്.

◾സ്വാതന്ത്ര്യ സമര സേനാനി കെ. ഉണ്ണീരി നൂറാം വയസില്‍ കോഴിക്കോട്ടെ കക്കോടിയില്‍ അന്തരിച്ചു. ക്വിറ്റ് ഇന്ത്യ സമരത്തില്‍ രഹസ്യ വിവരങ്ങള്‍ കൈമാറിയ സേനാനികളില്‍ ഒരാളായിരുന്നു ഉണ്ണീരി.

https://www.youtube.com/live/06lYenxBawc?si=Uf4HQ2eZXyJ1X40N

◾സംസ്ഥാനത്തെ നദികളില്‍നിന്ന് മാര്‍ച്ച് മാസം മുതല്‍ മണല്‍വാരാന്‍ അനുമതി നല്‍കുന്നതിനുള്ള നടപടികള്‍ അടുത്തയാഴ്ച ആരംഭിക്കും. 17 നദികളില്‍ മണല്‍ നിറഞ്ഞ് നീരൊഴുക്കു തടസപ്പെട്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മണല്‍വാരലിന് അനുമതി നല്‍കുന്നത്. പത്തു വര്‍ഷമായി മണല്‍വാരല്‍ നിരോധിച്ചിരിക്കുകയായിരുന്നു.

◾ദുബൈ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ സൈബര്‍ സെക്യൂരിറ്റി സമിതിയുടെ ആദ്യ ചെയര്‍മാനായി കോഴിക്കോട് ചേന്ദമംഗല്ലൂര്‍ സ്വദേശി സുഹൈറിനെ തെരഞ്ഞെടുത്തു.

◾മദ്യപാനം നിര്‍ത്താന്‍ കൊണ്ടുവന്ന യുവാവ് പ്രാര്‍ഥനാലയത്തില്‍ തൂങ്ങിമരിച്ച നിലയില്‍. ആഴങ്കല്‍മേലെ പുത്തന്‍വീട്ടില്‍ ശ്യാം കൃഷ്ണ(35)യെ ആണ് തിരുവനന്തപുരം കല്ലാമം ഷാലോം ചര്‍ച്ച് പ്രയര്‍ ഹാളില്‍ തൂങ്ങി മരിച്ചത്. ഏതാനും ദിവസം മുമ്പ് ശ്യാം കൃഷ്ണയെ ബന്ധുക്കളാണ് ഇവിടെ കൊണ്ടുവന്നത്.

◾വര്‍ക്കലയില്‍ വീട്ടുകാര്‍ക്ക് ഭക്ഷണത്തില്‍ ലഹരി നല്‍കി മയക്കി മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ച രാംകുമാര്‍ എന്നയാള്‍ കസ്റ്റഡിയില്‍ മരിച്ച സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. മോഷണത്തിനിടെ നാട്ടുകാര്‍ പിടികൂടിയ ജനക് ഷായ്ക്ക് ഉത്തര്‍പ്രദേശില്‍ സമാനമായ നിരവധിക്കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

◾ഇടുക്കി വണ്ടന്‍മേട്ട് ഏഴു വയസുകാരിയെ പീഡിപ്പിച്ച മാലി സ്വദേശിയായ മധ്യവയസ്‌കനെ പൊലീസ് അറസ്റ്റു ചെയ്തു. എട്ടര മണി എന്നറിയപ്പെടുന്ന 52 വയസുകാരനായ കെ മണിയാണ് പിടിയിലായത്.

◾വയനാട്ടിലെ ഒമ്പതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇരുപതുകാരനായ ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശി ആദിത്യന്‍ അറസ്റ്റിലായി. സാമൂഹിക മാധ്യമങ്ങളിലൂടെ ഇയാള്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

◾വയനാട് വൈത്തിരിക്കടുത്ത പൊഴുതനയില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതി പിടിയില്‍. പൊഴുതന അച്ചൂര്‍ സ്വദേശി രാജശേഖരന്‍ (58) ആണ് അറസ്റ്റിലായത്.

◾ബെംഗളൂരു ചെല്ലക്കരയില്‍ സ്‌കൂള്‍ കെട്ടിടത്തില്‍നിന്നു വീണ് പരിക്കേറ്റ മലയാളി വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകള്‍ ജിയന്ന ആന്‍ ജിജോ(4)യാണ് മരിച്ചത്. സ്‌കൂളിന്റെ പ്രിന്‍സിപ്പലും കോട്ടയം സ്വദേശിയുമായ തോമസ് ചെറിയാന്‍ അടക്കമുള്ളവര്‍ക്കെതിരേയാണു കേസ്.

◾ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ കൂടുതല്‍ സഹകരണത്തിന് ധാരണ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ ഇന്ത്യ സന്ദര്‍ശനത്തോടനുബന്ധിച്ചു നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് പ്രതിരോധ വ്യാവസായിക മേഖലയില്‍ കൂടുതല്‍ കൈക്കോര്‍ക്കാന്‍ ധാരണയായത്. ബഹിരാകശ പദ്ധതികളിലും ഗവേഷണത്തിലും സഹകരണം ശക്തമാക്കും.

◾ഗാസയിലെ വംശഹത്യ തടയണമെന്ന് ഇസ്രായേലിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി. ഉടനടി വെടിനിര്‍ത്തല്‍ വേണമെന്നു കോടതി ഉത്തരവിട്ടില്ല. ദക്ഷിണാഫ്രിക്കയുടെ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. വംശഹത്യ തടയാന്‍ ഇസ്രയേല്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. ഗാസയില്‍ മാനുഷിക സഹായങ്ങള്‍ അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു.

◾ചാള്‍സ് മൂന്നാമന്‍ രാജാവിനെ ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രോസ്റ്റേറ്റ് ഗ്രന്ഥി ശസ്ത്രക്രിയക്കാണ് ചാള്‍സ് രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

◾ദമാം തുറമുഖത്തെയും ഗള്‍ഫ് രാജ്യങ്ങളെയും ബന്ധിപ്പിച്ച് പുതിയ കപ്പല്‍ സര്‍വീസ് തുടങ്ങി. ദമാമിലെ അബ്ദുല്‍ അസീസ് തുറമുഖത്തെയും ഗള്‍ഫ് തുറമുഖങ്ങളെയും ബന്ധിപ്പിച്ച് അപ്പര്‍ ഗള്‍ഫ് എക്സ്പ്രസ് എന്ന പേരിലാണ് ഖത്തര്‍ നാവിഗേഷന്‍ കമ്പനി പുതിയ ഷിപ്പിങ് സര്‍വീസ് ആരംഭിച്ചത്.

◾ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ ശക്തമായ നിലയില്‍. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്സ് സ്‌കോറായ 246 നെതിരെ ഇന്ത്യ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 421 റണ്‍സെന്ന നിലയിലാണ്. 80 റണ്‍സെടുത്ത യശസ്വി ജയ്സ്വാളും 86 റണ്‍സെടുത്ത കെ.എല്‍.രാഹുലും 81 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്ന രവീന്ദ്ര ജഡേജയുമാണ് ഇന്ത്യന്‍ സ്‌കോറിന് കരുത്തേകിയത്. 35 റണ്‍സെടുത്ത അക്സര്‍ പട്ടേലാണ് ജഡേജക്ക് തുണയായി ക്രീസിലുള്ളത്.

◾ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഫൈനലില്‍ ഇറ്റലിയുടെ യാനിക് സിന്നര്‍ റഷ്യയുടെ ദാനില്‍ മെദ്വദേവുമായി ഏറ്റുമുട്ടും. നിലവിലെ ചാമ്പ്യനായ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിനെ തോല്‍പിച്ചാണ് സിന്നര്‍ ഫൈനലിലെത്തിയത്. അലക്സാണ്ടര്‍ സ്വരേവിനെ തോല്‍പിച്ചാണ് ദാനില്‍ മെദ്വദേവ് ഫൈനലിലെത്തിയത്. നാളെയാണ് ഫൈനല്‍. അതേസമയം ഇന്ന് നടക്കുന്ന വനിതകളുടെ ഫൈനലില്‍ ചൈനയുടെ സെങ് ക്വിന്‍വന്‍ ബെലാറൂസിന്റെ അരിനാ സബലെങ്കയുമായി ഏറ്റുമുട്ടും.

◾രാജ്യത്ത് വ്യാജ ജി.എസ്.ടി രജിസ്‌ട്രേഷനിലൂടെ ഏറ്റവുമധികം തട്ടിപ്പുകള്‍ നടന്ന സംസ്ഥാനം ഡല്‍ഹി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 3,028 കോടി രൂപയുടെ തട്ടിപ്പുകള്‍ ഡല്‍ഹിയില്‍ നടന്നുവെന്നാണ് ചരക്ക്-സേവന നികുതി വകുപ്പിന്റെ കണ്ടെത്തല്‍. 2,201 കോടി രൂപയുടെ തട്ടിപ്പ് നടന്ന മഹാരാഷ്ട്രയാണ് രണ്ടാമത്. ഉത്തര്‍പ്രദേശില്‍ 1,645 കോടി രൂപയുടെയും ആന്ധ്രയില്‍ 765 കോടി രൂപയുടെയും തട്ടിപ്പ് നടന്നു. മറ്റുള്ളവരുടെ പേരിലെ ആധാറും പാന്‍ കാര്‍ഡും മറ്റും ഉപയോഗിച്ച് വ്യാജമായി ജി.എസ്.ടി രജിസ്‌ട്രേഷന്‍ നേടിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഇത്തരം വ്യാജ കമ്പനികള്‍ എന്തെങ്കിലും ഉത്പന്നമോ സേവനമോ വിറ്റഴിക്കാതെയും നല്‍കാതെയും കൃത്രിമ ബില്ലുകള്‍ സൃഷ്ടിച്ചശേഷം, നികുതി മുന്‍കൂറായി അടച്ചെന്ന് കാട്ടി ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് തട്ടിയെടുക്കുകയാണ് ചെയ്തിരുന്നത്. രാജ്യത്താകെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 4,153 വ്യാജ സ്ഥാപനങ്ങളിലൂടെ 12,036 കോടി രൂപയുടെ ഐ.ടി.സി തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്. ഇതില്‍ 2,358 വ്യാജ സ്ഥാപനങ്ങളെ കേന്ദ്ര ജി.എസ്.ടി വകുപ്പ് കണ്ടെത്തുകയും 1,317 കോടി രൂപ വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെ 42 വ്യാജ സ്ഥാപനങ്ങളിലൂടെ 152 കോടി രൂപയുടെ നികുതിവെട്ടിപ്പാണ് നടന്നത്. വ്യാജ കമ്പനികളെ അന്വേഷണത്തിലൂടെ കണ്ടെത്താന്‍ ജി.എസ്.ടി വകുപ്പ് നടപടികളെടുക്കാറുണ്ട്. ഇത്തരം വ്യാജ രജിസ്‌ട്രേഷനുകള്‍ റദ്ദാക്കുകയും പണം പിഴസഹിതം തിരികെപ്പിടിക്കുകയും ചെയ്യും. കേരളത്തില്‍ മൂന്നുമാസത്തിനിടെ തിരികെപ്പിടിച്ചത് 4 കോടി രൂപയാണ്.

◾തെലുങ്കില്‍ നിന്നുള്ള സര്‍പ്രൈസ് ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് ‘ഹനുമാന്‍’. ഒരു പാന്‍ ഇന്ത്യന്‍ സൂപ്പര്‍ഹീറോ ചിത്രമായി എത്തിയ ഹനുമാന്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. വിദേശത്തും ഹനുമാന് മികച്ച സ്വീകാര്യതയാണ്. ഹനുമാന്‍ വിദേശത്ത് മാത്രം 50 കോടിയില്‍ അധികം നേടി എന്നാണ് പുതിയ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. തേജ സജ്ജ നായകനായി എത്തിയ ചിത്രം ഹനുമാന്‍ ഒരു സര്‍പ്രൈസ് ഹിറ്റായി മാറുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിച്ചിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ 200 കോടി ക്ലബില്‍ നേരത്തെ എത്തിയിരുന്നു. അമൃത നായര്‍ തേജയുടെ നായികയായെത്തുന്നു. ‘കല്‍ക്കി’, ‘സോംബി റെഡ്ഡി’ ചിത്രങ്ങളുടെ സംവിധായകന്‍ എന്ന നിലയില്‍ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് ഹനുമാന്‍ ഒരുക്കുന്ന പ്രശാന്ത് വര്‍മ. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ശിവേന്ദ്രയാണ്. കെ നിരഞ്ജന്‍ റെഢിയാണ് നിര്‍മാണം. തെലുങ്കിലെ യുവ നായകന്‍മാരില്‍ ശ്രദ്ധേയാകര്‍ഷിച്ച താരമാണ് തേജ സജ്ജ.

◾വിജയ്യുടെ എക്കാലത്തെയും വിജയ ഹിറ്റ് ചിത്രമായ ‘ലിയോ’ ആഗോള ബോക്സ് ഓഫീസില്‍ 620 കോടി രൂപയില്‍ അധികം നേടിയിരുന്നു. ഒടിടിയിലും മികച്ച പ്രതികരണം നേടാനായിരുന്നു. ടെലിവിഷന്‍ പ്രിമിയറിലും മികച്ച റേറ്റിംഗാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പ്രീമിയര്‍ വിജയ് ടിവിയിലായിരുന്നു. ടെലിവിഷന്‍ പ്രീമിയറില്‍ ലിയോ എന്ന ചിത്രത്തിന്റ റേറ്റിംഗ് 16.30 എന്ന് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തായാലും ആരാധകരെ ആവേശത്തിലാക്കുന്നതാണ് റിപ്പോര്‍ട്ട്. ദളപതി വിജയ്യുടെ ലിയോയുടെ രണ്ടാം ഭാഗത്തിന്റെ സൂചനകളും നിലവില്‍ ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്. എപ്പോഴായിരിക്കും ലിയോ 2 തുടങ്ങുക എന്ന ചോദ്യത്തിന് കൈതിയുടെ രണ്ടിന്റെ അടക്കം തിരക്കുകളിലാണ് എന്നായിരുന്നു ലോകേഷ് കനകരാജിന്റെ മറുപടി. എന്നാല്‍ വിജയ്യുടെ ലിയോയുടെ നിര്‍മാതാക്കള്‍ തന്നെ സാമൂഹ്യ മാധ്യമത്തില്‍ ഒരു പോസ്റ്റ് പങ്കുവെച്ചാണ് അടുത്തിടെ ചര്‍ച്ചയായ്ത്. തൃഷ വിജയ്യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ലിയോയ്ക്കുണ്ടായിരുന്നു.

◾കൈനറ്റിക് ഗ്രീന്‍ തങ്ങളുടെ ജനപ്രിയ മോപ്പഡ് ലൂണയുടെ ഇലക്ട്രിക് മോഡല്‍ ബുക്കിംഗ് ആരംഭിക്കുന്നു. ഇ-ലൂണ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടോക്കണ്‍ തുകയായ 500 രൂപ അടച്ച് ബുക്കിംഗ് നടത്താം. കമ്പനി ഔദ്യോഗിക വെബ്സൈറ്റില്‍ അതിന്റെ വിശദാംശങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിന്റെ ഡിസൈന്‍, ഫീച്ചറുകള്‍, മറ്റ് സ്പെസിഫിക്കേഷനുകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ കമ്പനി ഇതുവരെ പങ്കുവെച്ചിട്ടില്ല. എന്നിരുന്നാലും, അതിന്റെ പേറ്റന്റിന്റെ ചില ഫോട്ടോകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ചോര്‍ന്ന ഫോട്ടോയില്‍, ഈ ഇ-ലൂണ അതിന്റെ പഴയ രൂപത്തില്‍ കാണപ്പെടുന്നു. എന്നിരുന്നാലും, പഴയ മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍, അതില്‍ നിരവധി മാറ്റങ്ങള്‍ ദൃശ്യമാണ്. വിശദാംശങ്ങള്‍ അനുസരിച്ച്, ഒറ്റ ചാര്‍ജില്‍ അതിന്റെ റേഞ്ച് 110 കിലോമീറ്റര്‍ വരെയാകും. മണിക്കൂറില്‍ 50 കിലോമീറ്ററായിരിക്കും ഇതിന്റെ ഉയര്‍ന്ന വേഗത. 71,990 രൂപയായിരിക്കും ഇതിന്റെ വില. അതേ സമയം, ഉപഭോക്താക്കള്‍ക്ക് 2,500 രൂപയുടെ പ്രതിമാസ ഇഎംഐ ഉപയോഗിച്ച് ഇത് വാങ്ങാനും കഴിയും. തുടക്കത്തില്‍ 50,000 ഉപഭോക്താക്കളില്‍ ഈ ഇലക്ട്രിക്ക് മോപ്പഡ് എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

◾സാഹിത്യലോകത്തെ ചതിക്കുഴികളും സാമ്പത്തിക- സാങ്കേതിക മേഖലകളിലെ തട്ടിപ്പുകളും നിര്‍മ്മിതബുദ്ധിയുടെ നന്മതിന്മകളും എല്ലാം കടന്നുവരുന്ന, ആഖ്യാനത്തിലും പ്രമേയത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന നോവല്‍. മലയാളത്തിലെ മറ്റൊരു മെറ്റാഫിക്ഷന്‍ പരീക്ഷണം. ‘ദേജാവു’. മായാകിരണ്‍. ഡിസി ബുക്സ്. വില 288 രൂപ.

◾ദിവസം മുഴുവന്‍ ഉന്മേഷം നീണ്ടുനില്‍ക്കണമെങ്കില്‍ അടിസ്ഥാനപരമായി നമുക്ക് രാത്രിയില്‍ കൃത്യമായ ഉറക്കം ലഭ്യമായിരിക്കണം. അതോടൊപ്പം തന്നെ രാവിലെ ചിലത് നിര്‍ബന്ധമായി ചെയ്യുകയും വേണം. ദിവസവും ഒരേ സമയത്ത് തന്നെ ഉറക്കമെഴുന്നേല്‍ക്കാന്‍ ശ്രമിക്കുക. ഈ ചിട്ട തീര്‍ച്ചയായും ആരോഗ്യത്തെ പോസിറ്റീവായ രീതിയില്‍ സ്വാധീനിക്കുകയും മെച്ചപ്പെടുത്തകയുമെല്ലാം ചെയ്യും. ഉറക്കമെഴുന്നേറ്റയുടന്‍ തന്നെ ഒരു കപ്പ് ചൂട് ചായയോ കാപ്പിയോ കുടിക്കുന്നതാണ് മിക്കവരുടെയും ശീലം. എന്നാല്‍ ഇതത്ര ആരോഗ്യകരമായൊരു ശീലമല്ലെന്ന് മനസിലാക്കുക. രാവിലെ വെറുംവയറ്റില്‍ ചായയോ കാപ്പിയോ കഴിക്കുന്ന ശീലം വലിയൊരു വിഭാഗം പേരിലും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. രാവിലെ ഉറക്കമുണര്‍ന്നയുടന്‍ ഒരു ഗ്ലാസ് വെള്ളം, റൂം താപനിലയില്‍ ഉള്ളതോ ഇളംചൂടുള്ളതോ- കുടിച്ചുകൊണ്ട് തുടങ്ങാം. ഇതാണ് ആരോഗ്യകരമായ രീതി. ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിനും, ദഹനപ്രശ്നങ്ങളകറ്റാനും, ഉന്മേഷത്തിനുമെല്ലാം ഈ ശീലം വളരെ നല്ലതാണ്. എഴുന്നേറ്റ്, വെള്ളം കുടിച്ച്, അല്‍പം കഴിഞ്ഞ ശേഷം സ്ട്രെച്ച് ചെയ്യുകയോ യോഗ ചെയ്യുകയോ ചെയ്യുന്നത് വളരെ നല്ലതാണ്. വര്‍ക്കൗട്ട്/ വ്യായാമം ഇതില്‍ നിന്ന് വ്യത്യസ്തമാണ്. അല്ലെങ്കില്‍ ജോഗിംഗ്/ നടത്തം പതിവാക്കുന്നതും ഏറെ നല്ലതുതന്നെ. രാവിലെ കുളിക്കുന്നത് ഉന്മേഷം കൂട്ടാന്‍ ഒരുപാട് സഹായിക്കും. അത് തണുത്ത വെള്ളത്തില്‍ തന്നെയാകുമ്പോഴാണ് ദിവസം മുഴുവന്‍ അതിന്റെ ഉന്മേഷം കിട്ടൂ. തണുത്ത വെള്ളത്തില്‍ കുളിക്കുമ്പോള്‍ ഇത് രക്തയോട്ടം വര്‍ധിപ്പിക്കുന്നു. അങ്ങനെയാണ് വലിയൊരു പരിധി വരെ നമുക്ക് എനര്‍ജി നേടാന്‍ സാധിക്കുന്നത്. നമ്മുടെ മനസിന് സന്തോഷവും പ്രതീക്ഷയും പകര്‍ന്നുനല്‍കും വിധത്തിലുള്ള സംഗീതം രാവിലെ അല്പനേരം ആസ്വദിക്കുന്നതും ഒരു ശീലമാക്കാവുന്നതാണ്. ഇത് മനസിന് നല്ല ഉണര്‍വും ശരീരത്തിന് ഉന്മേഷവും നല്‍കും.

Leave a Reply

Your email address will not be published.