ഹരിയാനയില്‍ പുത്തൻ ഉണര്‍വേകാൻ നയാബ് സിംഗ് സൈനിയുടെ നേതൃത്വം; പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന്

Spread the love

ചണ്ഡീഗഡ്: ഹരിയാനയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും.

ഇന്ന് ചേരുന്ന സമ്മേളനത്തില്‍ വിശ്വാസവോട്ടെടുപ്പ് നടത്താൻ നയാബ് സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച്‌ അന്തിമ തീരുമാനം ഇന്ന് ഉണ്ടായേക്കും.

കഴിഞ്ഞ ദിവസം രാജ്ഭവനില്‍ നടന്ന ചടങ്ങിലാണ് ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മുൻ മുഖ്യമന്ത്രി മനോഹർ ലാല്‍ ഖട്ടർ ഉള്‍പ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ബിജെപി നേതാക്കളായ കൻവർ പാല്‍ ഗുജ്ജർ, ജയ് പ്രകാശ് ദലാല്‍, മൂല്‍ചന്ദ് ശർമ്മ, ബൻവാരി ലാല്‍ എന്നിവരും മന്ത്രിസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ജെപിപിയുമായുള്ള തർക്കത്തെ തുടർന്നാണ് മുഖ്യമന്ത്രിയായിരുന്ന മനോഹർ ലാല്‍ ഖട്ടർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. ഇതിന് പിന്നാലെ കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം നയാബ് സിംഗ് സൈനി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. മുതിർന്ന നേതാക്കള്‍ തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തത്തിലൂടെ സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുമെന്ന് നയാബ് സിംഗ് സൈനി അധികാരമേറ്റ ശേഷം പറഞ്ഞു.

Leave a Reply

Your email address will not be published.