സൗദിയിൽ പൊടിക്കാറ്റും ഇടിമിന്നലും; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കാലാവസ്ഥ കേന്ദ്രം..

Spread the love

സൗദിയിലെ വിവിധ നഗരങ്ങളിലും ചില ഗവര്‍ണറേറ്റ് പരിധികളിലും പൊടിക്കാറ്റും ഇടിമിന്നലും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദൂരക്കാഴ്ച്ച കുറയ്ക്കുന്ന വിധത്തില്‍ നജ്‌റാന്‍, ജീസാന്‍, അസീര്‍, അബഹ എന്നീ പ്രദേശങ്ങളില്‍ ശക്തമായ പൊടിക്കാറ്റ് ആഞ്ഞടിക്കുമെന്നും ഇടിമിന്നലും നേരിയ പേമാരിയും പ്രതീക്ഷിക്കുന്നതായും കേന്ദ്രം വ്യക്തമാക്കി.

മക്ക, റിയാദ് നഗരത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിലും കാലാവസ്ഥ മാറ്റം ഉണ്ടാകുവാന്‍ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചെങ്കടലിന്റെ ഉപരിതല കാറ്റിന്റെ വേഗത വടക്ക്-പടിഞ്ഞാറ് ദിശകളില്‍ 15 മുതല്‍ 35 കിലോമീറ്റര്‍ വേഗതയിലും തെക്ക്-പടിഞ്ഞാറ് ഭാഗങ്ങളില്‍ 15 മുതല്‍ 30 കിലോമീറ്റര്‍ വരെ വേഗതയിലും ആയിരിക്കും.

അതേസമയം, ചില ഭാഗങ്ങളില്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലും കാറ്റ് വീശാന്‍ സാധ്യതയുള്ളതായി കേന്ദ്രം അറിയിച്ചു. ചെങ്കടലിലെ തിരമാലകളുടെ ഉയരം ഒന്ന് മുതല്‍ രണ്ട് മീറ്റര്‍ വരെ ആയിരിക്കുമെന്നും അതിനാല്‍ കടലില്‍ ഇറങ്ങുന്നവര്‍ കൂടുതല്‍ ജാഗ്രത കൈകൊള്ളണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published.