സീരിയൽ കില്ലർ ചാൾസ് ശോഭരാജിനെ മോചിപ്പിക്കാൻ നേപ്പാൾ കോടതി ഉത്തരവ്‌

Spread the love

കൊലപാതകക്കുറ്റം ചുമത്തി 2003 മുതൽ കാഠ്മണ്ഡുവിലെ ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഫ്രഞ്ച് സീരിയൽ കില്ലർ ചാൾസ് ശോഭരാജിനെ വിട്ടയക്കാൻ നേപ്പാൾ സുപ്രീം കോടതി ബുധനാഴ്ച ഉത്തരവിട്ടു. ജസ്റ്റിസുമാരായ സപാന പ്രധാൻ മല്ല, തിലക് പ്രസാദ് ശ്രേഷ്ഠ എന്നിവരടങ്ങിയ സംയുക്ത ബെഞ്ചാണ് 78 കാരനായ ശോഭരാജിനെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ ഉത്തരവിട്ടതെന്ന് സുപ്രീം കോടതി വൃത്തങ്ങൾ അറിയിച്ചു.

ശോഭരാജിന് 15 ദിവസത്തിനകം നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യം ഒരുക്കണമെന്നും കോടതി വിധി ബന്ധപ്പെട്ട അധികാരിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. “ബിക്കിനി കൊലയാളി” എന്ന് വിളിപ്പേരുള്ള ശോഭരാജ്, 1975 ൽ നേപ്പാളിൽ വച്ച് അമേരിക്കൻ വനിത കോണി ജോ ബ്രോൻസിച്ചിനെ കൊലപ്പെടുത്തിയ കേസിൽ 2003 മുതൽ കാഠ്മണ്ഡു ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്.

2014-ൽ, കനേഡിയൻ ടൂറിസ്റ്റായ ലോറന്റ് കാരിയറെ കൊലപ്പെടുത്തിയതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി, രണ്ടാമത്തെ ജീവപര്യന്തത്തിനും ശിക്ഷിക്കപ്പെട്ടു. നേപ്പാളിൽ ജീവപര്യന്തം തടവ് 20 വർഷം ആണ്. ശിക്ഷാ കാലയളവിനേക്കാൾ കൂടുതൽ ജയിലിൽ അടച്ചുവെന്നു കാണിച്ച് ശോഭരാജ് സമർപ്പിച്ച ഹർജിയെ തുടർന്നാണ് നേപ്പാൾ സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

75 ശതമാനം ജയിൽ ശിക്ഷ പൂർത്തിയാക്കിയ തടവുകാരെ മോചിപ്പിക്കാൻ നേപ്പാളിൽ നിയമ വ്യവസ്ഥയുണ്ട്. .ശിക്ഷയുടെ 20 വർഷത്തിൽ 17 വർഷവും താൻ ഇതിനകം അനുഭവിച്ചിട്ടുണ്ടെന്നും നല്ല പെരുമാറ്റത്തിന് നേരത്തെ തന്നെ മോചിപ്പിക്കാൻ ശുപാർശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ഹരജിയിൽ അവകാശപ്പെട്ടു.

2003 ഓഗസ്റ്റിൽ കാഠ്മണ്ഡു കാസിനോയിൽ ശോഭ്‌രാജിനെ അറസ്റ്റ് ചെയ്തു. വിചാരണയ്ക്ക് ശേഷം കൊലക്കുറ്റത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. 1986-ൽ തന്റെ ജന്മദിനം ആഘോഷിക്കാനെന്ന വ്യാജേന മധുരം വിളമ്പി സെക്യൂരിറ്റി ഗാർഡുകളെ മയക്കുമരുന്ന് നൽകി മയക്കിയ ശേഷം തിഹാർ ജയിലിൽ നിന്ന് ശോഭ്‌രാജ് രക്ഷപ്പെട്ടിരുന്നു. പിന്നീട് അറസ്റ്റിലായതിനു ശേഷം ശോഭ്‌രാജ് ഇന്ത്യയിൽ 21 വർഷം ജയിലിൽ കിടന്നു.

1970കളിൽ ശോഭരാജ് 15 മുതൽ 20 വരെ ആളുകളെ വധിച്ചുവെന്നാണ് കരുതുന്നത്. വിനോദസഞ്ചാരികളുമായി അദ്ദേഹം സൗഹൃദം സ്ഥാപിച്ചു മയക്കു മരുന്ന് നൽകി കൊലപ്പെടുത്തി കവർച്ച നടത്തുകയായിരുന്നു ശോഭരാജിന്റെ രീതി.

Leave a Reply

Your email address will not be published.