സാമ്ബത്തിക ബുദ്ധിമുട്ട് ; വൃക്കവില്‍ക്കാന്‍ ശ്രമിച്ച യുവാവിന് പണം നഷ്ടപ്പെട്ടു

Spread the love

ബെംഗളൂരു: സാമ്ബത്തിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ വൃക്കവില്‍ക്കാന്‍ ശ്രമിച്ച യുവാവിന് പണം നഷ്ടപ്പെട്ടു. മത്തിക്കരെ സ്വദേശിയായ 46-കാരനാണ് 6.2 ലക്ഷംരൂപ നഷ്ടപ്പെട്ടത്.

വൃക്കദാതാക്കളെ ആവശ്യപ്പെട്ട് ഓണ്‍ലൈനില്‍ കണ്ട ഫോണ്‍ നമ്ബറില്‍ ബന്ധപ്പെട്ടപ്പോഴാണ് കബളിപ്പിക്കപ്പെട്ടത്.

തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ യുവാവ് പേര്, വയസ്സ്, വിലാസം, രക്തഗ്രൂപ്പ് തുടങ്ങിയ വിവരങ്ങള്‍ കൈമാറി. രക്തഗ്രൂപ്പ് എ.ബി. നെഗറ്റീവ് ആണെന്ന് അറിഞ്ഞതോടെ തട്ടിപ്പുകാര്‍ വൃക്കയ്ക്ക് രണ്ടുകോടി രൂപ വാഗ്ദാനം ചെയ്തു. തുടര്‍ന്ന് തിരിച്ചറിയല്‍രേഖകളും ഫോട്ടോകളും ആവശ്യപ്പെട്ടു. ആദ്യം എന്‍.ഒ.സി.ക്കു വേണ്ടിയും രജിസ്ട്രേഷന്‍ ഫീസായും 8000 രൂപ ആവശ്യപ്പെട്ടു.

പിന്നീട് ഒരു കോഡ് സ്വന്തമാക്കാനാണെന്ന് പറഞ്ഞ് 20,000 രൂപ ആവശ്യപ്പെട്ടു. പിറ്റേദിവസം കോഡ് പ്രവര്‍ത്തനം തുടങ്ങാന്‍ 85,000 രൂപയും ആവശ്യപ്പെട്ടു. പിന്നീട് കുറച്ചുദിവസം കഴിഞ്ഞ് അക്കൗണ്ടിലേക്ക് പണം സുഗമമായി അയക്കുന്നതിന് നികുതി ക്ലിയറന്‍സിനായി അഞ്ചുലക്ഷംരൂപ ആവശ്യപ്പെട്ടു. പണം കിട്ടുമെന്ന് പ്രതീക്ഷിച്ച്‌ യുവാവ് അയച്ചുകൊടുത്തു.

പിന്നീട് മറ്റൊരുനമ്ബറില്‍നിന്ന് എസ്.ബി.ഐ. ജീവനക്കാരിയാണെന്ന് പറഞ്ഞ് ഒരു സ്ത്രീ വിളിച്ച്‌ ലഹരിമരുന്ന് വിരുദ്ധ ഫോം ലഭിക്കുന്നതിനായി 7.6 ലക്ഷം രൂപ അടയ്ക്കാന്‍ ആവശ്യപ്പെട്ടു.

ഇതേത്തുടര്‍ന്ന് സംശയം തോന്നിയ യുവാവ് പണം അയച്ചില്ല. ഇക്കാര്യം സുഹൃത്തുക്കളെ അറിയിച്ചപ്പോള്‍ പോലീസില്‍ പരാതിനല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ബെംഗളൂരു സൈബര്‍ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published.