സാഫ് കപ്പ് കിരീടം ഇന്ത്യക്ക്, കുവൈത്തിനെ പിടിച്ചുകെട്ടിയത് പെനാല്‍റ്റി ഷൂട്ടൗട്ടില്‍

Spread the love

സാഫ് കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് കിരീടം. ഇത് ഒമ്പതാം തവണയാണ് ഇന്ത്യ സാഫ് കപ്പില്‍ മുത്തമിടുന്നത്. എതിരാളികളായ കുവൈത്തിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

ആവേശകരമായ മത്സരത്തിൽ 5–4നാണ് ഇന്ത്യയുടെ ഷൂട്ടൗട്ട് വിജയം. കുവൈത്തിനായി അഞ്ചാം കിക്കെടുത്ത ഖാലിദ് ഇബ്രാഹിമിന്‍റെ ഷോട്ട് രക്ഷപ്പെടുത്തി ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവാണ് ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ചത്.

നിശ്ചിത സമയത്ത് ഷബൈബ് അൽ ഖൽദി 14–ാം മിനിറ്റിൽ നേടിയ ഗോളിലൂടെ കുവൈത്താണ് ലീഡെടുത്തത്. ഇന്ത്യയ്ക്കായി മലയാളി താരം സഹൽ അബ്ദുൽ സമദിന്റെ പാസിൽനിന്ന് ലാലിയൻസുവാല ചാങ്തെ 38–ാം മിനിറ്റിൽ ഗോൾ മടക്കി. 1993, 1997, 1999, 2005, 2009, 2011, 2015, 2021 വർഷങ്ങളിലാണ് ഇന്ത്യ മുൻപ് സാഫ് കപ്പ് ജേതാക്കളായത്.

രാത്രി 7.30ന് ബെംഗളൂരുവിലെ ശ്രീകഠീരവ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറിയത്. ഇന്ത്യയുടെ 13-ാം സാഫ് കപ്പ് ഫൈനലായിരുന്നു ക‍ഴിഞ്ഞത്. സെമി ഫൈനലില്‍ ലെബനനെ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് പ്രവേശിപ്പിച്ചത്. ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് കുവൈത്ത് ഫൈനലിലെത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു കുവൈത്തിന്റെ വിജയം.

Leave a Reply

Your email address will not be published.