സഹോദരീ ഭര്‍ത്താവ് തലയ്ക്കടിയേറ്റ് മരിച്ച സംഭവം; യുവാവ് അറസ്റ്റില്‍

Spread the love

മണ്ണാർക്കാട്: വിറകുകഷ്ണംകൊണ്ട് തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ച സംഭവത്തിലെ പ്രതിയെ മണ്ണാർക്കാട് പോലീസ് അറസ്റ്റുചെയ്തു.

കാഞ്ഞിരപ്പുഴ തൃക്കള്ളൂർ നെച്ചുള്ളി കോളനിയില്‍ മനക്കിലെകുടി വീട്ടില്‍ സുധീർ (43) ആണ് അറസ്റ്റിലായത്. ഇയാളുടെ സഹോദരീ ഭർത്താവ് തൃശൂർ അഞ്ചങ്ങാടി സ്വദേശിയും മണ്ണാർക്കാട് ആണ്ടിപ്പാടത്ത് താമസക്കാരനുമായ ഹാരിസ് (55) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. പെരുന്നാള്‍ ദിനത്തില്‍ സുധീറിന്റെ വീട്ടിലാണ് സംഭവം നടന്നത്. വീട്ടിലെത്തിയ സഹോദരിയേയും മകളേയും ഹാരിസ് ഉപദ്രവിച്ചതായി പോലീസ് പറയുന്നു. സുധീറിന്റെ സഹോദരിയ്ക്ക് തലയ്ക്കടിയേറ്റ് മുറിവേല്‍ക്കുകയുമുണ്ടായി.

ഇതുചോദ്യം ചെയ്ത സുധീറും ഹാരിസും തമ്മില്‍ വാക് തർക്കവും അടിപിടിയുമുണ്ടായി. ഇതോടെ, സുധീർ സമീപംകിടന്നിരുന്ന വിറകുകഷ്ണമെടുത്ത് ഹാരിസിന്റെ തലയ്ക്കടിയ്ക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാള്‍ തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി മരിച്ചു. സംഭവത്തില്‍ മണ്ണാർക്കാട് ഇൻസ്പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സുധീറിനെ അറസ്റ്റുചെയ്തു. തുടർന്ന് കോടതിയില്‍ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.

ഭാര്യയെ ഹാരിസ് നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും സി.ഐ. പറഞ്ഞു. വീട്ടുകാരുമായി ബന്ധങ്ങളൊന്നുമില്ലാത്ത ഇയാള്‍ വർഷങ്ങളായി ആണ്ടിപ്പാടത്താണ് താമസിക്കുന്നതെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. സംഭവദിവസം തലയ്ക്കുപരിക്കേറ്റ സുധീറിന്റെ സഹോദരിയും ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു.

Leave a Reply

Your email address will not be published.