സഹകരണ ബാങ്ക് നിയമനത്തിന് കോഴ; കോണ്‍ഗ്രസിനെ കുരുക്കുന്ന ശബ്ദരേഖ പുറത്ത്

Spread the love

തൃശൂര്‍ ചേലക്കരയില്‍ കോണ്‍ഗ്രസിനെ കുരുക്കുന്ന ശബ്ദരേഖ പുറത്ത്. സഹകരണ ബാങ്ക് നിയമനത്തിന് കോഴ ആവശ്യപ്പെടുന്ന ശബ്ദരേഖയാണ് പുറത്തായത്. ചേലക്കര കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി എം കൃഷ്ണനും പാഞ്ഞാള്‍ മണ്ഡലം പ്രസിഡന്റ് ടി കെ വാസുദേവനും തമ്മിലാണ് സംഭാഷണം. കിള്ളിമംഗലം സര്‍വീസ് സഹകരണ ബാങ്കിലാണ് നിയമനത്തിന് കോഴ ആവശ്യപ്പെടുന്നത്. വള്ളത്തോള്‍ നഗര്‍ മുന്‍ ബ്ലോക്ക് പ്രസി. സിപി ഗോവിന്ദന്‍കുട്ടിയുടെ മകനെ നിയമിക്കാനാണ് കോഴ ആവശ്യപ്പെട്ടത്. ഉമ്മന്‍ചാണ്ടി വിളിച്ചുപറഞ്ഞാല്‍ കാര്യം നടക്കില്ലെന്ന് ടിഎം കൃഷ്ണന്‍ ശബ്ദരേഖയില്‍ പറയുന്നു. നിയമനത്തിന് ചുരുങ്ങിയത് പത്ത് വേണമെന്നും പറഞ്ഞ ഡേറ്റില്‍ പൈസ കൊടുക്കണമെന്നും ഞാനും നീയും ഗോവിന്ദന്‍കുട്ടിയും മാത്രം അറിഞ്ഞാല്‍ മതിയെന്നും ശബ്ദരേഖയില്‍ പറയുന്നുണ്ട്.

എന്നാല്‍, ആരോപണം നിഷേധിച്ച് ടി എം കൃഷ്ണന്‍ രംഗത്തെത്തി. നിയമനത്തിന് താന്‍ കോഴ വാങ്ങിയിട്ടില്ലെന്നും ഒന്നര വര്‍ഷം മുമ്പുള്ള സംഭാഷണമാണ് പുറത്തുവന്നിട്ടുള്ളതെന്നുമാണ് ടി എം കൃഷ്ണന്റെ പ്രതികരണം. പാര്‍ട്ടിയിലുള്‍പ്പെട്ട ഒരാള്‍ക്ക് ജോലി ലഭിക്കാനുള്ള വഴി പറഞ്ഞു കൊടുക്കുക മാത്രമാണ് ചെയ്തതെന്നും ടി എം കൃഷ്ണന്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ ടി എം കൃഷ്ണന്‍ നയിക്കുന്ന ബ്ലോക്ക് തല ജാഥ ഒഴിവാക്കാന്‍ ഡിസിസി നിര്‍ദ്ദേശം നല്‍കി.

Leave a Reply

Your email address will not be published.