സര്‍ക്കാര്‍ ജോലി കിട്ടിയാലെന്താ, പഠിച്ച ജോലി മറക്കാന്‍ പറ്റുമോ?’ മാതൃകയാണ് മനോജ്

Spread the love

ഒരു സര്‍ക്കാര്‍ ജോലി കിട്ടിയിരുന്നെങ്കില്‍ ഈ പണിയങ്ങ് നിര്‍ത്താമായിരുന്നു എന്ന് പറയുന്നവര്‍ നിരവധിയുണ്ട് നമ്മുടെയിടയില്‍. എന്നാല്‍ മൂവാറ്റുപുഴ സബ് റജിസ്ട്രാര്‍ ഓഫിസിലെ ജീവനക്കാരനായ മനോജ് അങ്ങനെയല്ല. സര്‍ക്കാര്‍ ജോലി കിട്ടിയാലും പഠിച്ച തെങ്ങുകയറ്റം മറിക്കില്ല എന്നതാണ് മനോജിന്റെ നിലപാട്.

പുലര്‍ച്ചെ ആറ് മണിക്ക് തുടങ്ങുന്ന തെങ്ങുകയറ്റം ഏഴരയോടെയെങ്കിലും അവസാനിപ്പിക്കും. തുടര്‍ന്ന് എട്ട് മണിയോടെ കൃത്യമായി സബ് റജിസ്ട്രാര്‍ ഓഫിസില്‍ എത്തും. അവിടെ പാര്‍ട് ടൈം സ്വീപ്പറാണ് മനോജ്. ഉച്ചയ്ക്ക് ജോലി കഴിഞ്ഞാല്‍ വീണ്ടും തെങ്ങുകയറ്റം. വൈകിട്ട് അഞ്ച് വരെ തുടരും.

മുളവൂര്‍ സ്വദേശിയായ മറ്റത്തില്‍ മനോജാണ് സര്‍ക്കാര്‍ ജോലി ലഭിച്ചിട്ടും മുമ്പ് ചെയ്തിരുന്ന തെങ്ങുകയറ്റം തുടരുന്നത്. അതിന് കൃത്യമായ മറുപടിയും മനോജിനുണ്ട്. മികച്ച തെങ്ങ് കയറ്റ തൊഴിലാളിക്കുള്ള പായിപ്ര കൃഷിഭവന്റെ അവാര്‍ഡും മനോജിന് ലഭിച്ചിട്ടുണ്ട്.

നാട്ടില്‍ തെങ്ങുകയറ്റക്കാര്‍ കുറഞ്ഞതോടെ മനോജിന് തിരക്കോട് തിരക്കാണ്. സര്‍ക്കാര്‍ ജീവനക്കാരനാണ് വീട്ടിലെ തെങ്ങു കയറുന്നതെന്നാണ് മുളവൂരുകാര്‍ അഭിമാനത്തോടെ പറയുന്നതും. സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ പിന്നെ മറ്റെല്ലാ ജോലികളും മോശമാണ് എന്നു ധരിക്കുന്നവര്‍ക്ക് മാതൃക കൂടിയാണ് മനോജിന്റെ അധ്വാനം.

Leave a Reply

Your email address will not be published.