സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ഓണ്‍ലൈന്‍ റമ്മി കളിച്ച സാമ്പത്തിക ബാധ്യത

Spread the love

തൃശ്ശൂര്‍ അത്താണിയിൽ പെട്രോളുമായെത്തി ബാങ്ക് കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ശ്രമിച്ചതിന്  പിന്നില്‍ റമ്മി കളിച്ചുണ്ടായ സാമ്പത്തിക ബാധ്യത. പുതുരുത്തി സ്വദേശി ചിരിയങ്കണ്ടത്ത് വീട്ടിൽ  ലിജോയാണ് (36) അക്രമത്തിന് മുതിര്‍ന്നത്. ലിജോയ്ക്ക് റമ്മി കളിച്ച് നഷ്ടമായത് 70 ലക്ഷത്തിലധികം രൂപ നഷ്ടമായെന്നും  സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഒരാഴ്ച്ചയായി യുവാവ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

റമ്മി കളിച്ച് ലക്ഷങ്ങൾ കടം വരുത്തിയെന്നും ഇത് തീർക്കാനാണ് ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ചതെന്നും ലിജോ പൊലീസിനോട് പറഞ്ഞു. കൈയിലെ പണം തീർന്നതോടെ, കൂട്ടുകാരുടെ കൈയ്യിൽ നിന്നും വലിയ തുകകൾ കടം വാങ്ങി കളിക്കുകയും ആ പണവും നഷ്ടപ്പെടുകയും ചെയ്തു.കൂടാതെ 23 ലക്ഷത്തിന്റെ ഭവന വായ്പ്പയും ചേർത്ത് മൊത്തം 70ലക്ഷത്തിലധികം കട ബാധ്യതയുണ്ടായതായണ് ലിജോ പൊലീസിന് നല്‍കിയിരിക്കുന്ന മൊ‍ഴി.

ശനിയാ‍ഴ്ചയാണ് ജീവനക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് പരിഭ്രാന്തി പരത്തി ബാങ്ക് കൊള്ളയടിക്കാന്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റായ ലിജോ ശ്രമിക്കുന്നത്. ഫെഡറൽ ബാങ്കിന്‍റെ അത്താണി ശാഖയിൽ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.

അസിസ്റ്റന്‍റ് മാനേജരുടെ ദേഹത്തേക്ക് കന്നാസില്‍ കരുതിയ പെട്രോൾ  ഒഴിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ബാങ്ക് കൊള്ളയടിക്കാൻ പോവുകയാണെന്ന് ആക്രോശിക്കുകയും ചെയ്തു. ഇതോടെ സെക്യൂരിറ്റി ഉൾപ്പടെയുള്ള ജീവനക്കാർ ചേർന്ന് കീഴ്പ്പെടുത്താൻ ശ്രമിച്ചതോടെ ഇയാൾ ഇറങ്ങിയോടി. ഒടുവില്‍ നാട്ടുകാർ ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് കുറ്റിയങ്കാവ് ജംഗ്ഷനു സമീപത്ത് വച്ച് യുവാവിനെ കീഴ്പ്പെടുത്തുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വടക്കാഞ്ചേരി പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു.പ്രതിക്കെതിരെ വധശ്രമം കവർച്ചാശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. ലിജോയെ ഇന്ന് കോടതിയിൽ ഹാജരാക്കും

Leave a Reply

Your email address will not be published.