സച്ചിന്‍ പൈലറ്റ് ഇടഞ്ഞ് തന്നെ, ദില്ലിയിലെ ചര്‍ച്ച ഫലം കണ്ടില്ല

Spread the love

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഗെഹ്ലോട്ട് – സച്ചിന്‍ തര്‍ക്കം ചര്‍ച്ചയ്ക്ക് ശേഷവും പരിഹാരമായില്ല. രാജസ്ഥാനിലെ അ‍ഴിമതി സംബന്ധിച്ച് വീണ്ടും പരാമര്‍ശങ്ങളുമായി സച്ചിന്‍ രംഗത്തെത്തി. അഴിമതിയിലും യുവാക്കളുടെ ഭാവിയെ സംബന്ധിക്കുന്ന കാര്യങ്ങളിലും യാതൊരു ഒത്തുതീര്‍പ്പിനുമില്ലെന്നാണ് സച്ചിന്‍ പൈലറ്റിന്‍റെ പരാമര്‍ശം. ഇക്കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയുണ്ടായില്ലെങ്കില്‍ തുടര്‍ നീക്കം ആലോചിക്കുമെന്നും സച്ചിന്‍ പൈലറ്റ് മുന്നറിയിപ്പ് നല്‍കി. ടോങ്കില്‍  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പാര്‍ട്ടി അഴിമതിക്കെതിരാണെന്ന് രാഹുല്‍ഗാന്ധി തന്നെ പല തവണ വ്യക്തമാക്കിയിട്ടുണ്ട്. യാതൊരു ഒത്തുതീര്‍പ്പിനുമില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. യുവാക്കള്‍ക്കെതിരായ നടപടികളേയും പാര്‍ട്ടി വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍, ഈ വിഷയങ്ങള്‍ പാര്‍ട്ടി നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയതില്‍ യാതൊരു തെറ്റുമില്ല’, സച്ചിന്‍ പൈലറ്റ് പറഞ്ഞു.

തിങ്കളാഴ്ച വൈകീട്ട് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ സച്ചിനെയും ഗെഹ്ലോട്ടിനെയും ഒന്നിച്ചിരുത്തിയാണ് നാലു മണിക്കൂർ ചർച്ച നടത്തിയത്. ഗെഹ്ലോട്ടും സച്ചിനും ഒന്നിച്ചുനിൽക്കുമെന്ന് ഇരുവരുടെയും സാന്നിധ്യത്തിൽ സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. എന്നാൽ വീണ്ടും സച്ചിൻ ഉടക്കുകയായിരുന്നു.

മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സർക്കാർ കാലത്തെ അഴിമതികൾ അന്വേഷിക്കണം, ചോദ്യപേപ്പർ ചോർച്ചയിൽ കർശന നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സച്ചിൻ പൈലറ്റ് അഞ്ച് ദിവസത്തെ പദയാത്ര നടത്തിയിരുന്നു. അതിനുശേഷം അഴിമതിക്കെതിരെ നടപടിയെടുക്കാനായി ഗെലോട്ട് സർക്കാരിന് 15 ദിവസം സച്ചിൻ പൈലറ്റ് നൽകി. നടപടിയെടുത്തില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നൽകുകയായിരുന്നു.

Leave a Reply

Your email address will not be published.