സഖാവ് ആനത്തലവട്ടം ആനന്ദൻ വിടവാങ്ങി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്നും ചെന്നൈ അപ്പോളയിലേക്ക് തുടർപരിശോധനക്ക് പോകുന്നതിന് മുമ്പാണ് സഖാവിനെ അവസാനമായി കണ്ടത്. തിരിച്ചുവന്നതിനുശേഷം ഫോണിൽ സംസാരിച്ചു. രോഗം കുറച്ച് ഗുരുതരമായിരുന്നെങ്കിലും പെട്ടെന്ന് നഷ്ടമാകുമെന്ന് കരുതിയിരുന്നില്ല.

Spread the love

എപ്പോഴും അടിസ്ഥാന വർഗ്ഗത്തിനായി സഖാവ് ശക്തമായി പൊരുതിക്കൊണ്ടിരുന്നു. കയർ തൊഴിലാളികളെ സംഘടിച്ച കാലത്തിന്റെ അനുഭവങ്ങൾ , അടുത്തിടെ ഒന്നിച്ച് പങ്കെടുത്ത ഒരുയോഗത്തിൽ വിശദീകരിച്ചത് ഓർക്കുന്നു. കനൽ വഴികളിലൂടെ നടന്ന ചെറുപ്പക്കാരനെ നേരിൽ കണ്ടതുപോലെ ആ വാക്കുകൾ പിന്തുടർന്നു.
കയർഉപദേശകസമിതിയുടെ വൈസ് ചെയർമാനായിരുന്നു സഖാവ്. വലിയ പ്രതിസന്ധി നേരിടുന്ന മേഖലയുടെ’ പ്രശ്നങ്ങൾ പലപ്പോഴും തൊഴിലാളികൾക്കിടയിൽ അസ്വസ്ഥതകൾ സൃഷ്ടിച്ചിരുന്നു. താൽക്കാലിക വേദന സംഹാരികൾ കൊണ്ട് കാര്യമില്ലെന്നും അടിസ്ഥാന മാറ്റങ്ങളാണ് വേണ്ടെതെന്ന കാര്യത്തിൽ ഞങ്ങൾ ഒരേ അഭിപ്രായക്കാരായിരുന്നു. ഐഐഎമ്മിലേയും ഐഐടിയിലേയും വിദഗ്ദർ അടങ്ങുന്ന സമിതിയെ നിയോഗിച്ചപ്പോൾ ട്രേഡ് യൂണിയൻപ്രതിനിധികൾ വേണമെന്ന അഭിപ്രായം വന്നപ്പോൾ നമ്മൾ കുറെ പഠിച്ചതല്ലേയെന്നും ഇനി സ്വതന്ത്രമായ പഠനം നടക്കട്ടേയെന്ന സമീപനത്തോടെ പിന്തുണ നൽകി. കയർ ഫാക്ടറിമേഖലയിലെ അശാസ്ത്രീയമായ കൂലിഘടന പരിഹരിക്കാൻ തീരുമാനിച്ചപ്പോൾ അത് നടപ്പിലാകുന്നതിനായി ഒരു ദിവസം പൂർണ്ണമായും യൂണിയനുകളുമായി ചർച്ച നടത്തി ധാരണയുണ്ടാക്കിയത് സഖാവിന് ഈ രംഗത്തുള്ള അംഗീകാരം കൊണ്ടു മാത്രമാണ്. മാനേജീരിയൽ സബ്സിഡി പുന:സ്ഥാപിക്കുന്നതിനും പ്രവർത്തനമൂലധനം അനുവദിക്കുന്നതിനും സഖാവ് നിരന്തരം ഇടപ്പെട്ടിരുന്നു. ഓണത്തിന് മുമ്പ് ഇതെല്ലാം വിതരണം ചെയ്തപ്പോൾ ആരോഗ്യപ്രശ്നങ്ങൾകൊണ്ട് സഖാവിന് പങ്കെടുക്കാൻ കഴിഞ്ഞില്ല.

പ്രായവും ആരോഗ്യവും പരിഗണിക്കാതെ പ്രക്ഷോഭങ്ങളെ മുമ്പിൽ നിന്ന് നയിച്ചു. തനിക്ക് ശരിയെന്നു തോന്നുന്ന അഭിപ്രായങ്ങൾ ശക്തമായി അവതരിപ്പിക്കുകയും കൂട്ടായചർച്ചകളിലൂടെ എടുക്കുന്ന തീരുമാനങ്ങളുടെ വക്താക്കളാവുകയും ചെയ്യുകയെന്ന കമ്യൂണിസ്റ്റ് രീതി പിന്തുടർന്നു. പാർടി നിലപാടുകൾ ശക്തമായി പ്രചരിപ്പിക്കാൻ എപ്പോഴും ശ്രമിച്ചു.
പ്രിയ സഖാവിന് അന്ത്യാഞ്ജലി.

Leave a Reply

Your email address will not be published.