സംസ്ഥാനത്തെ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

Spread the love

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കോട്ടയം, കണ്ണൂര്‍, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.

കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. അംഗനവാടി, ഐസിഎസ്ഇ/സിബിഎസ്ഇ സ്‌കൂളുകള്‍, മദ്രസകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. കണ്ണൂർ സർവ്വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. നാളത്തെ അവധി മൂലം നഷ്ടപ്പെട്ടന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടികള്‍ സ്വീകരിക്കണം. വിദ്യാര്‍ഥികളെ മഴക്കെടുതിയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും കലക്ടര്‍ അറിയിച്ചു. അതേസമയം നാളെ നടത്താനിരുന്ന പിഎസ്സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.  മാഹിയിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച (2023 ജൂലൈ ഏഴ്) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി ഉത്തരവായി. അങ്കണവാടികള്‍, ഐ.സി.എസ്.ഇ./സി.ബി.എസ്.ഇ. ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

കാസര്‍കോഡ് നാളെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാകില്ല.

പത്തനംതിട്ട ജില്ലയിലെ അങ്കണവാടികള്‍ മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റം ഉണ്ടാകില്ല.

കോഴിക്കോട് ജില്ലയില്‍ മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടുള്ളതിനാലും നദീതീരങ്ങളില്‍ വെള്ളം ഉയരുന്ന സാഹചര്യത്തിലും പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും (ജൂലൈ 7) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു . ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകളില്‍ മാറ്റമില്ല. അവധിയായതിനാല്‍ കുട്ടികള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് രക്ഷിതാക്കള്‍ നിയന്ത്രിക്കണമെന്നും പരിസരങ്ങളിലെ പുഴകളിലോ നദീതടങ്ങളിലോ ഒരു കാരണവശാലും ഇറങ്ങരുതെന്നും ജാഗ്രത പുലര്‍ത്തണമെന്നും കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും വെള്ളിയാ‍ഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

Leave a Reply

Your email address will not be published.