സംഗീതത്തിൻ്റെ ‘പെരിയരാജ’ @ 80

Spread the love

ഇന്ത്യയിലെ ഏറ്റവും മികച്ച സംഗീത സംവിധായകരിൽ ഒരാളായ ‘ഇസൈജ്ഞാനി’യെന്ന പേരിൽ അറിയപ്പെടുന്ന ഇളയരാജ 80ന്‍റെ നിറവിൽ. സപ്തസ്വരങ്ങൾ അലിഞ്ഞു ചേർന്ന സംഗീത സാന്ദ്രമായൊരു അനുഭൂതിയാണ് സംഗീതാസ്വാദകർക്ക് ഇളയരാജ. നമ്മുടെ പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും സങ്കടത്തിലുമെല്ലാം ഇളംകാറ്റുപോലെ കാതുകളെ തഴുകി കടന്നുപോകുന്ന ഗാനങ്ങളൊരുക്കിയ അദ്ദേഹം ഇന്ന് 80 വയസിൻ്റെ നിറവിൽ നിൽക്കുകയാണ്.

1943 ജൂൺ 2ന് തമിഴ്നാട്ടിലെ തേനി ജില്ലയിലെ പണ്ണയപുരത്തായിരുന്നു ജനനം. 14ാം വയസ്സിൽ സഹോദരന്‍റെ മ്യൂസിക് ട്രൂപ്പിൽ ചേർന്നു. എഴുപതുകളുടെ തുടക്കം മുതൽ തമിഴ് സിനിമാരംഗത്ത് സജീവ സാന്നിധ്യമാണ് അദ്ദേഹം. 1976ൽ അന്നക്കിളി എന്ന സിനിമക്കാണ് ആദ്യമായി സംഗീതസംവിധാനം നിർവ്വഹിച്ചത്. തുടർന്ന് ചലച്ചിത്ര പ്രേമികളുടെയും സംഗീതാസ്വാദകരുടേയും ഹൃദയധമനികളിലേക്ക് ഒഴുകിയെത്തിയത് രാജാ സംഗീതത്തിന്റെ പ്രവാഹമായിരുന്നു. തമിഴ് ഗ്രാമീണ സംഗീതത്തെ പാശ്ചാത്യ സംഗീതവുമായി ലയിപ്പിച്ച് ദക്ഷിണേന്ത്യൻ സിനിമ സംഗീതത്തിൽ തന്‍റേതായ ശൈലിക്ക് രൂപംനൽകി. കവി കണ്ണദാസൻ രചിച്ച വിലാപകാവ്യത്തിനാണ് ആദ്യം ഈണം നൽകിയത്.

സംഗീത സംവിധായകൻ, ഗായകൻ, ഗാനരചയിതാവ് എന്നീ നിലകളിൽ തിളങ്ങിയ ഹൃദയരാഗങ്ങളുടെ രാജ മൂന്ന് പതിറ്റാണ്ടിനിടെ വിവിധ ഇന്ത്യൻ ഭാഷകളിലായി 1,500ഓളം ചലച്ചിത്രങ്ങൾക്ക് പിന്നണി സംഗീതമൊരുക്കി. 8,500 ഓളം ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചു. ഇതിനകം 20,000ത്തോളം സംഗീതക്കച്ചേരികൾ നടത്തി.

സിംഫണി പോലുള്ള സർഗാത്മകമായ സംഗീത പരീക്ഷണങ്ങൾക്ക് 2012ൽ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചു. മലയാളം ഉൾപ്പെടെ മറ്റു ഭാഷ സിനിമകൾക്കും സംഗീതം നൽകി. പത്മഭൂഷൺ ജേതാവായ ഇളയരാജ നാലുതവണ കേന്ദ്ര സർക്കാറിന്‍റെ ദേശീയ പുരസ്കാരങ്ങൾക്ക് അർഹനായി. ഇതിൽ മൂന്നു തവണ ( സാഗരസംഗമം, രുദ്രവീണ, സിന്ധുഭൈരവി )മികച്ച സംഗീത സംവിധാനത്തിനും ഒരു തവണ മികച്ച പശ്ചാത്തല സംഗീതത്തിനുമായിരുന്നു (പഴശിരാജ). കേരള സർക്കാരിന്റെ മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം മൂന്ന് പ്രാവശ്യവും തമിഴ്നാട് സർക്കാരിന്റെ മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം ആറ് പ്രാവശ്യവും ഇളയരാജയെ തേടി എത്തിയിട്ടുണ്ട്. 2010ൽ രാജ്യം അദ്ദേഹത്തെ പത്മഭൂഷൺ നൽകിയും ആദരിച്ചു.

Leave a Reply

Your email address will not be published.