വൈറ്റ് ഹൗസ് ഓവല്‍ ഓഫീസില്‍ ബൈഡനുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി

Spread the love

ആദ്യ യുഎസ് സ്റ്റേറ്റ് വിസിറ്റിന്റെ ഭാഗമായി വൈറ്റ് ഹൗസ് ഓവല്‍ ഓഫീസില്‍ ബൈഡനുമായി ഉഭയ കക്ഷി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി. ആയുധവ്യാപാരവും ഇന്തോ പസഫിക് മേഖലയിലെ ചൈനീസ് ആധിപത്യവും ചര്‍ച്ചയായി. അതേസമയം, ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ബൈഡന്‍ തുടരുന്ന മൗനത്തില്‍ പ്രതിഷേധം ശക്തമാണ്.

നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ ചുമതലപ്പെടുത്തിയ അമേരിക്കക്കാരും ഇന്ത്യക്കാരും മോദി വൈറ്റ് ഹൗസിലെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പേ തന്നെ സൗത്ത് ലോണില്‍ എത്തിച്ചേര്‍ന്നിരുന്നു. ആദ്യ യുഎസ് സ്റ്റേറ്റ് വിസിറ്റ് തുടരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഉപചാരപൂര്‍വം സ്വീകരിച്ചത് പ്രസിഡന്റ് ബൈഡനും പ്രഥമവനിത ജില്‍ ബൈഡനും.

ഇരുരാജ്യങ്ങളുടെയും ദേശീയ ഗാനത്തിന് ശേഷം അമേരിക്കന്‍ പ്രസിഡന്റും ഇന്ത്യന്‍ പ്രധാനമന്ത്രിയും പരസ്പരം ആശ്ലേഷിച്ചു. ഇന്തോ പസഫിക്കില്‍ അമേരിക്ക ലക്ഷ്യമിടുന്ന ഇന്ത്യന്‍ നിയോഗം വ്യക്തമാക്കി ബൈഡന്റെ കൃതജ്ഞതാ പ്രസംഗം. ഹിന്ദിയില്‍ ബൈഡനെ പുകഴ്ത്തി മോദിയുടെ മറുപടി.

ഇന്തോ പസഫിക്കില്‍ ചൈനയെ എതിരിടാന്‍ ഇന്ത്യയെ നിയോഗിക്കുന്ന അമേരിക്ക പ്രധാനമായും അത്തരം വിഷയങ്ങളാണ് കൂടിക്കാഴ്ചയില്‍ വിഷയങ്ങളാക്കിയത്. അമേരിക്കയില്‍ നിന്ന് സൈനികോപകരണങ്ങള്‍ വാങ്ങണമെന്ന സമ്മര്‍ദ്ദവും ഇന്ത്യയ്ക്കുമേല്‍ ബൈഡന്‍ കടുപ്പിച്ചിട്ടുണ്ട്.കടല്‍ മുതല്‍ ആകാശം വരെയും പൗരാണികത മുതല്‍ നിര്‍മിതബുദ്ധി വരെയുമുള്ള കാര്യങ്ങളില്‍ സന്ധിയുണ്ടാക്കാമെന്നാണ് ബൈഡന് മോദിയുടെ വാക്ക്. അതേസമയം അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളെപ്പറ്റി മോദിയോട് ഒരു അക്ഷരം പോലും ചോദിക്കാത്ത ബൈഡനെതിരെയും അമേരിക്കയില്‍ പ്രതിഷേധം ശക്തമാവുകയാണ്.

Leave a Reply

Your email address will not be published.