വൈക്കത്ത് 14 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

Spread the love

വൈക്കത്ത് പതിനാല് പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മറവന്‍തുരുത്ത് മൃഗാശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുന്നതിനിടെ ഇന്നലെയായിരുന്നു നായ ചത്തത്. തുടര്‍ന്ന് തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ വൈറോളജി ലാബില്‍ പരിശോധനയ്ക്കയച്ചിരുന്നു. ഈ പരിശോധനയിലാണ് നായക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ തെരുവുനായയുടെ ആക്രമണം തുടര്‍ക്കഥയാകുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് തൃശൂരില്‍ രണ്ടിടങ്ങളില്‍ ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. വല്ലച്ചിറ, ഊരകം ഭാഗങ്ങളില്‍ ആളുകളെ ആക്രമിച്ച തെരുവുനായക്കായിരുന്നു പേവിഷബാധ സ്ഥിരീകരിച്ചത്.അടുത്തിടെ തെരുവുനായക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നഖം കൊണ്ട് പോറലേറ്റ യുവതി പേവിഷബാധയേറ്റ് മരിച്ചിരുന്നു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനിയായ യുവതിയായിരുന്നു മരിച്ചത്. സഹോദരനൊപ്പം കൂട്ടിരിപ്പുകാരിയായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയ യുവതി പിന്നീട് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു. ഇതോടെ ഡോക്ടര്‍മാര്‍ ചികിത്സയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായ ശരീരത്തില്‍ മാന്തിയ വിവരം സ്റ്റെഫിന ഡോക്ടര്‍മാരോട് പറയുന്നത്. പിന്നീട് ഇവര്‍ മരിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതിക്ക് പേവിഷബാധയേറ്റതായി സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published.