വെറും 21-ാം വയസിൽ CPI സംസ്ഥാന കൗൺസിലംഗം; കാനത്തിന്റെ പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ ജീവിതം

Spread the love

കാനം രാജേന്ദ്രൻ…കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വേറിട്ട വ്യക്തിത്വത്തിന് ഉടമ. സംസ്ഥാന സർക്കാരിനൊപ്പം നിൽക്കുകയും വിമർശിക്കേണ്ടപ്പോൾ വിമർശിച്ചും, പ്രതിസന്ധി ഘട്ടങ്ങളിൽ സിപിഐഎമ്മിനെ കൈവിടാതെ ചേർത്ത് പിടിച്ച നേതാവായിരുന്നു 73ആം വയസ്സിൽ ഇന്ന് അന്തരിച്ചത്. കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തിൽ വി.കെ. പരമേശ്വരൻ നായരുടെ മകനായി 1950 നവംബർ 10നാണ് കാനം രാജേന്ദ്രന്റെ ജനനം. വെറും 19 വയസിലാണ് കാനം രാജേന്ദ്രൻ എഐവൈഎഫിന്റെ സംസ്ഥാന സെക്രട്ടറിയാകുന്നത്. 21-ാം വയസിൽ തന്നെ സിപിഐയുടെ സംസ്ഥാന കൗൺസിലംഗം ആയി. രണ്ട് തവണ എഐടിയുസിയുടെ സെക്രട്ടറിയായും, വാഴൂരിൽ നിന്ന് എംഎൽഎ ആയും, AIYF ദേശീയ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 1978ൽ സി.പി.ഐ.യുടെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2006ൽ എ.ഐ.ടി.യു.സി.യുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി. 2012 ൽ സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗവുമായി. 2015 മാർച്ച് 2ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായി. 52 വർഷം സിപിഐയുടെ സംസ്ഥാന കൗൺസിൽ അംഗമായിരുന്നു. മാക്ടയുടെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

എഐടിയുസിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ തന്നെ പാർട്ടിക്കുള്ളിലെ തിരുത്തൽ ശക്തിയായികരുന്നു കാനം. അതുകൊണ്ടുതന്നെ നിരവധി എതിർപ്പുകളെ അതിജീവിച്ചാണ് കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയായി വരുന്നത്. പാർട്ടിയെ തന്റെ വരുതിയിലേക്ക് കൊണ്ടുവരുന്നതിന് സാധിച്ചിരുന്നു കാനത്തിന്.

കഴിഞ്ഞ കുറച്ച് നാളുകളായി രോഗാവസ്ഥ കാനം രാജേന്ദ്രനെ ബുദ്ധിമുട്ടിച്ചിരുന്നു. പാദം മുറിച്ചുകളയുന്നതിലേക്ക് വരെ എത്തിയെങ്കിലും കാനം തിരിച്ചുവരുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ട് തന്നെ അവധിക്ക് അപേക്ഷ നൽകിയിട്ടും പകരം ചുമതല ആർക്കും നൽകേണ്ടതെന്ന നിലപാടിൽ സിപിഐ എത്തുകയായിരുന്നു. പക്ഷേ തികച്ചും അപ്രതീക്ഷിതമായി കാനം രാജേന്ദ്രൻ വിടവാങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published.