വി എം ടി വി ന്യൂസിന്റെ പ്രത്യേക അറിയിപ്പ്

Spread the love

വെള്ളം കയറിയ പ്രദേശങ്ങളില്‍ കഴിയുന്നവര്‍
രോഗങ്ങള്‍ക്കെതിരെ മുന്‍കരുതല്‍ പാലിക്കണം

വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവര്‍ ആരോഗ്യപ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍ അനിതകുമാരി അറിയിച്ചു. പാമ്പുകടി, ജലജന്യരോഗങ്ങള്‍, ജന്തുജന്യരോഗങ്ങള്‍, കൊതുകുജന്യരോഗങ്ങള്‍, മലിനജലസമ്പര്‍ക്കം മൂലമുണ്ടാകുന്നരോഗങ്ങള്‍ എന്നിവയ്ക്കെതിരെ കരുതല്‍വേണം.

ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍

ജലജന്യരോഗങ്ങള്‍ തടയാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഭക്ഷണത്തിന് മുന്‍പും ശേഷവും കൈകള്‍ സോപ്പും ശുദ്ധമായവെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക. കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ കളിക്കുകയോ, കുളിക്കുകയോ, കൈകാലുകളും മുഖവും കഴുകുകയോ ചെയ്യരുത്. വെള്ളക്കെട്ടുകളില്‍ അകപ്പെട്ടവര്‍, വെള്ളം കയറിയ സ്ഥലങ്ങള്‍ വൃത്തിയാക്കിയവര്‍ , മാധ്യമപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി മലിനജലവുമായി സമ്പര്‍ക്കമുണ്ടായ എല്ലാവരും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം കഴിക്കുക. വെള്ളപ്പൊക്കബാധിതപ്രദേശങ്ങളിലെ കിണറുകളും ജലസംഭരണികളും സൂപ്പര്‍ക്ലോറിനേഷന്‍ നടത്തിയശേഷം മാത്രം ഉപയോഗിക്കുക. വെള്ളപ്പൊക്കത്തോടനുബന്ധിച്ച് വീടുകള്‍ക്കുള്ളില്‍ പാമ്പുകള്‍ കയറാന്‍ സാധ്യതയുള്ളതിനാല്‍ വീടുകള്‍ വൃത്തിയാക്കുമ്പോള്‍ അതീവ ശ്രദ്ധപുലര്‍ത്തണം. വൈദ്യുതാഘാതമേല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകളും സ്വീകരിക്കണം. മഴക്കാലത്ത് കൊതുകുജന്യരോഗങ്ങളായ ഡെങ്കിപ്പനി, ചിക്കന്‍ ഗുനിയ തുടങ്ങിയവയ്ക്കു സാധ്യതയുള്ളതിനാല്‍ ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.