വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച പ്രതിയെ ദില്ലിയിൽ നിന്നും പിടികൂടി

Spread the love

കോവിഡ് കാലത്ത് യുവതിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ ദില്ലിയിൽ നിന്നും പിടികൂടി. ചിറ്റാർ സീതത്തോട് മണികണ്ഠൻകാല മംഗലശ്ശേരിൽ വീട്ടിൽ പീതാംബരന്റെ മകൻ മനു എന്ന് വിളിക്കുന്ന പ്രദീപ്‌(39) ആണ് മൂഴിയാർ പൊലീസിന്റെ പിടിയിലായത്. മൂന്ന് വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ ഡൽഹി ഹരിയാന അതിർത്തിയിലുള്ള ചാവല എന്ന സ്ഥലത്തുനിന്നും മൂഴിയാർ പൊലീസ് ഇൻസ്‌പെക്ടർ കെ എസ് ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

ജൂൺ 18 ന് ഡ്യൂട്ടിയെ തുടർന്ന് ക്വാറന്റൈനിലായ യുവതിയെ രാത്രി പ്രലോഭിപ്പിച്ച് മുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ ഫോട്ടോയും ഇയാൾ ഫോണിൽ എടുത്തു. തുടർന്ന്, ക്വാറന്റൈനിൽ കഴിഞ്ഞുവന്ന രണ്ടാഴ്ച്ച കാലയളവിൽ പലതവണ ബലാൽസംഗം ചെയ്തു എന്ന് മൊഴിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ മൂഴിയാർ പൊലീസ് ഇൻസ്‌പെക്ടർ വി എസ് ബിജു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ വൈദ്യപരിശോധന ഉൾപ്പെടെയുള്ള പ്രാഥമിക അന്വേഷണങ്ങളെല്ലാം പൊലീസ് നടത്തിയിരുന്നു. പ്രതിയുടെയും അടുത്ത ബന്ധുക്കളുടെയും യുവതിയുടെയും മൊബൈൽ ഫോൺ വിളികൾ സംബന്ധിച്ച വിശദവിവരങ്ങൾ, പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയവ ശേഖരിച്ചിരുന്നു. നാടുവിട്ട പ്രതിക്കെതിരെ ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവിപ്പിക്കാനുള്ള നടപടികളും പൊലീസ് കൈക്കൊണ്ടു.ജില്ലാ കോടതിയിലും, ഹൈ കോടതിയിലും ജാമ്യത്തിന് പ്രതി ശ്രമിച്ചുവെങ്കിലും അനുവദിക്കപ്പെട്ടില്ല. എഫ് ഐ ആർ റദ്ദ് ചെയ്യാനുള്ള അപേക്ഷയും, അറസ്റ്റ് ഒഴിവാക്കണമെന്ന് ഹർജിയും കോടതി നിരാകരിച്ചിരുന്നു. ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് ഹൈദരാബാദിലും മറ്റും പൊലീസ് സംഘങ്ങൾ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശപ്രകാരം അന്വേഷണം ഊർജ്ജിതമാക്കിയതിനെ തുടർന്ന് കോന്നി ഡി വൈ എസ് പി രാജപ്പൻ നിയോഗിച്ച പൊലീസ് സംഘം ഡൽഹിയിൽ നിന്നും തിങ്കളാഴ്ച്ച 11 മണിക്ക് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published.