വില്ലേജ് ആഫീസുകളില്‍ മിന്നല്‍ പരിശോധന

Spread the love

വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തെ തുടര്‍ന്ന് റവന്യു വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം റവന്യു വകുപ്പില്‍ വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ ഇന്ന് സംസ്ഥാനത്താകെയുള്ള വില്ലേജ് ആഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തി.

സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘം തിരുവനന്തപുരം ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ പരിശോധന നടത്തി. ലാന്റ് റവന്യൂ കമ്മീഷണറേറ്റിലെ പരിശോധനാ സംഘം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി 41 ആഫീസുകളില്‍ പരിശോധന നടത്തി. 11 ഡെപ്യൂട്ടി കളക്ടര്‍മാരുടെയും 3 സീനിയര്‍ സൂപ്രണ്ടുമാരുടെയും നേതൃത്വത്തില്‍ 14 ടീമുകളായി തിരിഞ്ഞാണ് 12 ജില്ലകളില്‍ ഇത്തരത്തില്‍ പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസം റവന്യു വകുപ്പുമന്ത്രിയുടെ അധ്യക്ഷത യില്‍ കൂടിയ റവന്യു സെക്രട്ടേറിയേറ്റിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനകള്‍ നടത്തിയത്. പരിശോധന സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അടുത്ത ദിവസം തന്നെ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സേവനാവകാശ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്ന ചുരുങ്ങിയ സമയത്തിനുള്ളില്‍ സര്‍ട്ടിഫിക്കേറ്റുകളും സേവനങ്ങളും മതിയായ കാരണമില്ലാത്ത നല്‍കാതിരുന്നാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ലാന്റ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്ന മൂന്ന് മേഖലാ റവന്യൂ വിജിലന്‍സ് ഓഫീസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാനും അതോടൊപ്പം കമ്മീഷണറേറ്റിലേയും കളക്ട്രേറ്റുകളിലേയും പരിശോധന വിഭാഗങ്ങള്‍ ശക്തമാക്കാനും നടപടി സ്വീകരിച്ചു കഴിഞ്ഞു. ഇതിനായി കൂടുതല്‍ ജീവനക്കാരെ ചുമതലപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതോടു കൂടി അഴിമതി ഗണ്യമായി കുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി പൊതുജനങ്ങളെ
ഇ-സേവനങ്ങള്‍ ഉപയോഗിക്കാന്‍ പ്രാപ്തരാക്കുന്നതിനു വേണ്ടി റവന്യൂ
ഇ-സാക്ഷരത എന്ന പേരില്‍ ആരംഭിച്ച പദ്ധതി കാര്യക്ഷമമാക്കും.

പൊതുജനങ്ങളെ റവന്യൂ ആഫീസുകളില്‍ എത്തിക്കാതെ തന്നെ സേവനങ്ങള്‍ നല്‍കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഇ-സേവനങ്ങള്‍ നല്‍കുന്നതിലുള്ള പുരോഗതിയും കാലതാമസവും പരിശോധിക്കുന്നതിന് റവന്യൂ മന്ത്രിയുടെ ഓഫീസിലും, ലാന്റ് റവന്യൂ കമ്മീഷണറേറ്റിലും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. അഴിമതി കേസികളില്‍ നടപടി സമയബന്ധിതമായി പൂര്‍ത്തീകരിച്ച് കുറ്റക്കാര്‍ക്കെതിരെ ശക്തമായട നടപടി സ്വീകരിക്കും. അഴിമതി സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കുന്നതിന് ലാന്റ് റവന്യൂ കമ്മീഷണറേറ്റില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. അടുത്തയാഴ്ച തന്നെ സര്‍വ്വീസ് സംഘടനകളുടെ യോഗം വിളിച്ച് ചേര്‍ത്ത് അവരുടെ കൂടി സഹകരണത്തോടെ അഴിമതിക്കെതിരെയുള്ള നടപടികള്‍ വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കും.

Leave a Reply

Your email address will not be published.