വിനോദത്തിനും വിശ്രമത്തിനും സാഹിത്യ കലാസ്വാദനത്തിനും ഫാം റോക്ക് ഗാർഡൻ ആന്റ് ബഷീർ പാർക്ക് വേദിയാകും – മന്ത്രി മുഹമ്മദ്‌ റിയാസ്

Spread the love

വിനോദത്തിനും വിശ്രമത്തിനും സാഹിത്യ കലാസ്വാദനത്തിനും ഫാം റോക്ക് ഗാർഡൻ ആന്റ് ബഷീർ പാർക്ക് വേദിയാകുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്. കേരളത്തിലെ ആദ്യത്തെ അക്ഷരോദ്യാനമായ ഫാം റോക്ക് ഗാർഡൻ ആന്റ് ബഷീർ പാർക്കിന്റെ ഉദ്ഘാടനം ഫറോക്കിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ബഷീറിനെയും ബഷീർ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന തരത്തിലാണ് പാർക്ക് സജ്ജീകരിച്ചിരിക്കുന്നത്. സാഹിത്യ സാംസ്‌ക്കാരിക സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ബഷീർ മലയാളികളിൽ മതനിരപേക്ഷ മനസ്സ് സൃഷ്ടിക്കുന്നതിൽ വലിയ പങ്കു വഹിച്ച വ്യക്തിയാണെന്നും മന്ത്രി പറഞ്ഞു.

വയലോരം മിനി കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം ചലച്ചിത്ര നടൻ മാമുക്കോയ നിർവ്വഹിച്ചു. കരുവന്തിരുത്തി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം ബഷീർ അധ്യക്ഷത വഹിച്ചു. രാമനാട്ടുകര മുനിസിപ്പാലിറ്റി കൗൺസിലർ ഡോ കെ.ചന്ദ്രിക, സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാർ എൻ.എം ഷീജ, മലയാള മനോരമ മുൻ റസിഡന്റ് എഡിറ്റർ കെ അബൂബക്കർ, ബേപ്പൂർ ഡെവലപ്മെന്റ് മിഷൻ ചെയർമാൻ എം ഗിരീഷ്, നമ്മൾ ബേപ്പൂർ പദ്ധതി കോർഡിനേറ്റർ ടി രാധാഗോപി, അനീസ് ബഷീർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

വേദിയിൽ ഫാം റോക്ക് ഗാർഡനിലെ ശില്പങ്ങൾ തയ്യാറാക്കിയ ശില്പികളെ ആദരിച്ചു. ചടങ്ങിൽ ബഷീർ പ്രതിമയുടെ അനാച്ഛാദനവും ഡോക്ടർ ഹൈമ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനവും നടന്നു. കരുവൻതിരുത്തി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്‌ എൻ രാജീവൻ സ്വാഗതവും എം ബാബുരാജ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.