വിദേശകാര്യ മന്ത്രി എസ് ജയശങ്കറും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും ചുമതലയേറ്റു

Spread the love

കേന്ദ്രസര്‍ക്കാരില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും ഇന്ന് ഡല്‍ഹിയില്‍ ചുമതലയേറ്റു. യുപിഎയ്ക്ക് ശേഷം ആദ്യമായിട്ടാണ് ഒരു സഖ്യകക്ഷിഭരണം ഇന്ത്യയില്‍ വരുന്നത്. കേന്ദ്ര സഹമന്ത്രിയായ സുരേഷ്ഗോപി 11 മണിയോടെ ഓഫീസില്‍ എത്തും. ജോര്‍ജ്ജ കുര്യനും രാവിലെ തന്നെ ചുമതലയേല്‍ക്കുമെന്നാണ് സൂചന. പെട്രോളിയം പ്രകൃതിവാതകം വകുപ്പുകളാണ് സുരേഷ്ഗോപിക്ക് നല്‍കിയിരിക്കുന്നത്. ജോര്‍ജ്ജ് കുര്യന് ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, ക്ഷീരം മൃഗസംരക്ഷണ വകുപ്പുകളാണ് ജോര്‍ജ്ജ് കുര്യന് നല്‍കിയിരിക്കുന്നത്. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്നാലെ 71 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം തുടര്‍ച്ചയായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ ആളാണ്. 73 കാരനായ പ്രധാനമന്ത്രി മോദി ആദ്യമായിട്ടാണ് ഒരു സഖ്യ സര്‍ക്കാരിനെ നയിക്കുന്നത്. തുടര്‍ച്ചയായി മൂന്നാം തവണയും അധികാരമേറ്റശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ തീരുമാനം കര്‍ഷകര്‍ക്കുവേണ്ടിയുള്ള കിസാന്‍ നിധി ഫണ്ടായിരു്‌നു. 17-ാം ഗഡു അനുവദിച്ചുകൊണ്ടുള്ള ഫയലില്‍ മോദി ഇന്നലെ ഒപ്പുവച്ചു. 20,000 കോടി രൂപയാണു വിതരണം ചെയ്യുന്നത്. ഏകദേശം 9.3 കോടി കര്‍ഷകര്‍ക്കാണു പ്രയോജനപ്പെടും. കര്‍ഷകരുടെ ക്ഷേമത്തിനായി തന്റെ സര്‍ക്കാര്‍ സമര്‍പ്പിതമാണെന്ന് ഫയലില്‍ ഒപ്പിട്ട ശേഷം പ്രധാനമന്ത്രി മോദി പറഞ്ഞു. ‘ഞങ്ങളുടേതു കര്‍ഷക ക്ഷേമത്തിനു പ്രതിജ്ഞാബദ്ധമായ സര്‍ക്കാരാണ്. കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്ക്കും വേണ്ടി ഇനിയും കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.’ -മോദി പറഞ്ഞു. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ തീരുമാനം കര്‍ഷകക്ഷേമവുമായി ബന്ധപ്പെട്ടതായതു കര്‍ഷകരുമായി കൂടുതല്‍ അടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു കരുതപ്പെടുന്നു. മൂന്നു കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം തുടരുന്നതിനിടെയാണിത്. അടുത്ത ആഴ്ചയില്‍ പാര്‍ലമെന്റ് സമ്മേളനം ചേരാന്‍ സര്‍ക്കാര്‍ രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്യുമെന്നാണു സൂചന. ‘മന്ത്രിമാരുടെ പുതിയ ടീം യുവത്വത്തിന്റെയും അനുഭവത്തിന്റെയും മികച്ച മിശ്രിതമാണ്; ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തും. 140 കോടി ഇന്ത്യക്കാരെ സേവിക്കാനും രാജ്യത്തെ പുരോഗതിയുടെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ മന്ത്രിസഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു ‘- പ്രധാനമന്ത്രി മോദി പറഞ്ഞു.

Leave a Reply

Your email address will not be published.