വാമനപുരത്ത് ചെറുവനമൊരുങ്ങുന്നു, 12000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും

Spread the love

വാമനപുരം ഗ്രാമ പഞ്ചായത്തില്‍ ‘വാമനപുരം നദിക്കായി നീര്‍ധാര’ പദ്ധതിയിലുള്‍പ്പെടുത്തി മൈക്രോ ഫോറസ്റ്റ് ഒരുക്കുന്നു. ഇതിനായി 12,000 ഫല വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതി ഡി.കെ മുരളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സെന്റര്‍ ഫോര്‍ എന്‍വയോണ്മെന്റ് ആന്‍ഡ് ഡെവലപ്മെന്റും ഫോറസ്റ്റ് പ്ലസും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

വാമനപുരം ഗ്രാമപഞ്ചായത്ത് ഓഫീസിന് പുറകില്‍ ഒരുക്കുന്ന മൈക്രോ ഫോറസ്റ്റില്‍ മാവ്,പ്ലാവ്, പേര, ശീമ പ്ലാവ്, പതിമുഖം, ചാമ്പ, മാതളം തുടങ്ങിയ ഫലവൃക്ഷത്തൈകളാണ് നട്ടു പിടിപ്പിക്കുന്നത്. കൂടാതെ സ്‌കൂള്‍ മുറ്റം, ഓഫീസ് അങ്കണം, സ്വകാര്യ പുരയിടങ്ങള്‍ എന്നിവിടങ്ങളിലും ചെറുവനങ്ങള്‍ സൃഷ്ടിക്കും. തൈകള്‍ക്കിടയില്‍ ഔഷധസസ്യങ്ങള്‍ നട്ടുവളര്‍ത്തി ജൈവവേലികളും സ്ഥാപിക്കും.  മൈക്രോ ഫോറസ്റ്റിന്റെ സംരക്ഷണചുമതല തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ വഹിക്കും. വൈകാതെ വാമനപുരത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ഗ്രാമപഞ്ചായത്താക്കി മാറ്റുകയാണ് ലക്ഷ്യം. ഇതിനോടനുബന്ധിച്ച് വീടുകളില്‍ നിന്ന് മാലിന്യം തരം തിരിച്ച് ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് നല്‍കുന്ന പ്രവര്‍ത്തനം ജനുവരിയില്‍ ആരംഭിക്കും.  പഞ്ചായത്തിലെ നാല് കുളങ്ങള്‍ ഇതിനോടകം നവീകരിച്ചു കഴിഞ്ഞു. പ്രസിഡന്റ് ജി.ഒ ശ്രീവിദ്യ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംബന്ധിച്ചു.

Leave a Reply

Your email address will not be published.