വയനാട് മെഡിക്കല്‍ കോളേജിനായി മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാരിന് മുന്നിലുണ്ട്: മുഖ്യമന്ത്രി…

Spread the love

വയനാട് മെഡിക്കല്‍ കോളേജ് പൂര്‍ണ്ണാര്‍ത്ഥത്തില്‍ നടപ്പാക്കുന്നതിന് സാധ്യമായ എല്ലാ പദ്ധതികളും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അരിവാള്‍ രോഗ ബാധിതര്‍ക്കും ഗോത്ര വിഭാഗങ്ങളിലുള്ളവര്‍ക്കും ഉപകാരപ്രദമായ ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളേജിന്റെ മള്‍ട്ടിപര്‍പ്പസ് കെട്ടിടവും കാത്ത്‌ലാബും മാനന്തവാടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പദ്ധതികളില്‍ വയനാടിന് പ്രാഥമിക പരിഗണനയാണ് നല്‍കുന്നത്. ഗോത്ര വിഭാഗങ്ങള്‍ക്കുള്‍പ്പെടെ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണം. വയനാട് മെഡിക്കല്‍ കോളേജിനായി മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാരിന് മുന്നിലുണ്ട്. പ്രത്യേക ഇടപെടല്‍ ആവശ്യമായ മേഖലകളില്‍ ആ വിധത്തില്‍ ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോഷകാഹാര കുറവ് വിളര്‍ച്ച അരിവാള്‍ കോശ രോഗം എന്നിവ നേരത്തേ കണ്ടെത്തി ചികിത്സനല്‍കാനുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമേഖലയില്‍ വയനാടിനായി വിവിധ പദ്ധതികള്‍ നടപ്പാക്കിവരികയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.

ബത്തേരിയില്‍ ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബ് തുടങ്ങും. വയനാട് മെഡിക്കല്‍ കോളേജും കോഴിക്കോട് മെഡിക്കല്‍ കോളേജുമായി ചേര്‍ന്ന് പീഡിയാട്രിക് ഐ.സി.യു സംവിധാനം നടപ്പാക്കുമെന്നും ആരോഗ്യവകുപ്പും വനിതാ ശിശുക്ഷേമ വകുപ്പും ഉള്‍പ്പെടെ ചേര്‍ന്ന് വയനാടിനായി മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.