വന്യമൃഗങ്ങളുടെ ആക്രമണം, വയനാട്ടിലെ ജനങ്ങള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ ന്യായമായത് : എ കെ ശശീന്ദ്രന്‍

Spread the love

കല്‍പറ്റ : വന്യമൃഗങ്ങളുടെ ആക്രമണത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വയനാട്ടിലെ ജനങ്ങള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ ന്യായമായതാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍.

ബേലൂര്‍ മഗ്‌നയെ പിടികൂടാന്‍ ശ്രമം തുടരുകയാണ്.

ദൗത്യം വിജയിക്കാത്തതിനാല്‍ മയക്കുവെടിവെക്കാന്‍ ശ്രമം തുടരും. ദൗത്യത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി. പ്രതിപക്ഷം തന്റെ രാജി ആവശ്യപ്പെടുന്നത് ആത്മാര്‍ഥതയില്ലായ്മ മൂലമാണെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ കാട്ടാന ആക്രമണത്തില്‍ മരിച്ച വനംവകുപ്പ് ജീവനക്കാരന്‍ പോളിന് ചികിത്സ ലഭ്യമായില്ലെന്ന ആരോപണം മന്ത്രി നിഷേധിച്ചു. വിദഗ്ധ ചികിത്സ നല്‍കാനുള്ള എല്ലാ ശ്രമവും നടത്തിയെന്ന് അദ്ദേഹം പറഞ്ഞു.

പോളിന്റെ കുടുംബത്തിന് എല്ലാ സഹായവും ചെയ്യും. വനംവകുപ്പ് കുടുംബത്തിലെ അംഗത്തെ ആണ് നഷ്ടമായത്. പോളിന് വിദഗ്ധ ചികിത്സ നല്‍കി എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ചികിത്സ വൈകിയെന്ന പരാതിയുണ്ടെങ്കില്‍ അന്വേഷിക്കാന്‍ മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടില്‍ അടുത്തയാഴ്ച ഉന്നതതല യോഗം ചേരുന്നുണ്ട്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ യോഗം ചേരും. മന്ത്രിതല സംഘം വയനാട്ടിലേക്ക് പോകും. റവന്യൂമന്ത്രിയും തദ്ദേശഭരണ വകുപ്പ് മന്ത്രിയും ഒപ്പമുണ്ടാകും. ഉദ്യോഗസ്ഥരുടെ ശ്രമങ്ങള്‍ വിജയിപ്പിക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.