വംശസംവരണം നിർത്തലാക്കി യു.എസ് സുപ്രീംകോടതി; എതിർപ്പറിയിച്ച് ജോ ബൈഡൻ

Spread the love

അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ വംശം അടിസ്ഥാനപ്പെടുത്തിയുള്ള സംവരണം അവസാനിപ്പിച്ച് യുഎസ് സുപ്രീം കോടതി. ഹാർവാർഡ്, നോർത്ത് കാരലൈന സർവകലാശാലകളിലെ അഫർമേറ്റീവ് ആക്ഷനിലാണ് ഇടപെടൽ. കോടതിവിധിക്കെതിരെ ശക്തമായ എതിർപ്പുമായി പ്രസിഡൻറ് ജോ ബൈഡൻ രംഗത്തുണ്ട്.അമേരിക്കയിൽ വംശം അടിസ്ഥാനപ്പെടുത്തിയുള്ള സംവരണം പാലിച്ച് ക്യാമ്പസിനുള്ളിൽ വൈവിധ്യം ഉറപ്പാക്കിയിരുന്ന യൂണിവേഴ്സിറ്റികളെ ബാധിക്കുന്ന ഇടപെടലാണ് യുഎസ് സുപ്രീംകോടതി നടത്തിയത്. അമേരിക്കയിലെ നോർത്ത് കാരലൈന, ഹാർവാർഡ് സർവ്വകലാശാലകളിലെ വിദ്യാർത്ഥി തർക്കവും നിയമ വ്യവഹാരവും ആണ് പുതിയ കോടതി ഉത്തരവിന് വഴിവെട്ടിയത്. ഇരു സർവകലാശാലകളിലും അഫർമേറ്റീവ് ആക്ഷൻ അവസാനിപ്പിക്കുകയാണ് ഉത്തരവിലൂടെ സുപ്രീംകോടതി ചെയ്തത്. മറ്റ് യൂണിവേഴ്സിറ്റികൾ ഇത് മാതൃകയാക്കാൻ സാധ്യതകളെറെയാണ്. കോർപ്പറേറ്റ് രംഗത്ത് അഫർമേറ്റീവ് ആക്ഷൻ നടപ്പിലാക്കാനുള്ള ഇടപെടലുകൾക്കും വിധി തിരിച്ചടിയാകും.ആഫ്രോ അമേരിക്കൻ, ഹിസ്പാനിക് സംവരണത്തെ അമേരിക്കൻ യാഥാസ്ഥിതികരും വെള്ള വലതുപക്ഷക്കാരും എതിർത്തതോടെയാണ് വിഷയം കോടതി കയറിയത്. അഫർമേറ്റീവ് ആക്ഷൻ നടപ്പാക്കിയതോടെ 1960കളിലും 70കളിലുമായി പസഫിക് ദ്വീപസമൂഹങ്ങളിലെയും ഏഷ്യൻ അമേരിക്കക്കാരുടെയും പ്രാതിനിധ്യം യൂണിവേഴ്സിറ്റികളിൽ വർദ്ധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.എന്നാൽ പുതിയ അഫർമേറ്റീവ് ആക്ഷനെ എതിർത്ത് ഏഷ്യാക്കാരും രംഗത്തെത്തി. അഫർമേറ്റീവ് ആക്ഷൻ കോയലേഷൻ എന്ന വിദ്യാർത്ഥിക്കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ സമരപോരാട്ടങ്ങളും ലക്ഷ്യം കണ്ടില്ല. യൂണിവേഴ്സിറ്റികളിലെ വംശ വൈവിധ്യം തകർക്കുന്ന കോടതി വിധിക്കെതിരെ ശക്തമായ എതിർപ്പുമായി പ്രസിഡൻറ് ജോ ബൈഡനടക്കം രംഗത്തുണ്ട്.

Leave a Reply

Your email address will not be published.