രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനം തിരികെ ലഭിക്കാനുളള നീക്കവുമായി കോണ്‍ഗ്രസ്

Spread the love

രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനം തിരികെ ലഭിക്കാനുളള നീക്കവുമായി കോണ്‍ഗ്രസ്. അയോഗ്യത നീക്കിയ കോടതി ഉത്തരവടക്കം രേഖകളുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ലെന്ന് ലോക്സഭാ കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. കേന്ദ്രസര്‍ക്കാര്‍ തീരുമാനം വൈകിപ്പിച്ചാല്‍ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസിന്റെ തീരുമാനംമണിപ്പൂര്‍ വിഷയത്തില്‍ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് മുമ്പായി തന്നെ രാഹുല്‍ഗാന്ധിയെ ലോക്സഭയിലെത്തിക്കാനാണ് കോണ്‍ഗ്രസ് നീക്കം. സുപ്രീംകോടതി ഉത്തരവ് വന്നതിന് പിന്നാലെ തന്നെ കോണ്‍ഗ്രസ് നടപടികള്‍ വേഗത്തിലാക്കി. ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി കോടതി ഉത്തരവ് അടങ്ങുന്ന രേഖകളുമായി സ്പീക്കര്‍ ഓം ബിര്‍ളയെ കാണാന്‍ അനുമതി തേടിയെങ്കിലും ലഭിച്ചില്ല. ലോക്സഭാ സെക്രട്ടറി ജനറലിന് കൈമാറാനായിരുന്നു സ്പീക്കറുടെ നിര്‍ദേശം. തപാല്‍ മുഖേന അയച്ച രേഖകള്‍ കൈപ്പറ്റി ഒപ്പിട്ടെങ്കിലും സ്റ്റാമ്പ് ചെയ്തില്ലെന്ന് അധിര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു.ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ലോക്‌സഭയില്‍ അവിശ്വാസപ്രമേയ ചര്‍ച്ച നടക്കുക. അതിനാല്‍ തിങ്കളാഴ്ച തന്നെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ നിയമത്തിന്റെ നൂലാമാലകള്‍ നിരത്തി കേന്ദ്രസര്‍ക്കാര്‍ തീരുമാനം വൈകിപ്പിക്കുമോയെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. അയോഗ്യനാക്കാന്‍ കാണിച്ച തിടുക്കവും ശുഷ്‌കാന്തിയും അംഗത്വം പുനസ്ഥാപിക്കാന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കെ സി വേണുഗോപാല്‍ പ്രതികരിച്ചു. തീരുമാനം വൈകിയാല്‍ രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം തിരികെ ലഭിക്കാന്‍ മറ്റൊരു നിയമപോരാട്ടത്തിനാകും കോണ്‍ഗ്രസ് തയ്യാറാകുക.

Leave a Reply

Your email address will not be published.