രാഷ്ട്രീയ ചുമതലകളില്‍നിന്ന് ഒഴിവാക്കിത്തരണം’; ഇത്തവണ മത്സരിക്കാനില്ലെന്നറിയിച്ച്‌ ഗംഭീര്‍

Spread the love

ന്യൂഡല്‍ഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല.

രാഷ്ട്രീയ ചുമതലകളില്‍ നിന്ന് ഒഴിവാക്കിത്തരാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗംഭീർ എക്സിലൂടെ അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറങ്ങാനിരിക്കെയാണ് ഗംഭീറിന്റെ പ്രതികരണം.

ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള ലോക്സഭാ അംഗമാണ് ഗംഭീർ. ഡല്‍ഹിയിലെ എംപിമാരുടെ പ്രകടനം വിലയിരുത്തിയ ബിജെപി ഇത്തവണ സിറ്റിങ് എംപിമാരെ മാറ്റുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കോണ്‍ഗ്രസ് എഎപിയുമായി സഖ്യത്തില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ മത്സരം കടുക്കുമെന്ന വിലയിരുത്തലിലാണ് ബിജെപി. 

ഇതിനിടെയാണ് രാഷ്ട്രീയ ചുമതലകളില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ടതായുള്ള ഗംഭീറിന്റെ വെളിപ്പെടുത്തല്‍. ‘ക്രിക്കറ്റുമായി ബന്ധപ്പെട്ട് വരാനിരിക്കുന്ന ചുമതലകളില്‍ ശ്രദ്ധ നല്‍കേണ്ടതിനാല്‍ എന്നെ രാഷ്ട്രീയ ചുമതലകളില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് പാർട്ടി അധ്യക്ഷൻ ജെപി നഡ്ഡയോട് ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളെ സേവിക്കാൻ അവസരം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും നന്ദി അറിയിക്കുന്നു’ ഗംഭീർ പറഞ്ഞു.

2019-ല്‍ ഈസ്റ്റ് ഡല്‍ഹിയില്‍ നിന്ന് നാലു ലക്ഷത്തിനടുത്ത് ഭൂരിപക്ഷം നേടിയാണ് ഗൗതം ഗംഭീർ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിന്റെ അരവിന്ദർ സിങ് ലവ്ലിയേയും എഎപിയുടെ അതിഷിയേയുമാണ് ഗംഭീർ പരാജയപ്പെടുത്തിയത്.

Leave a Reply

Your email address will not be published.