രമ്യ ഹരിദാസ് ഈ നാട്ടില്‍ ചന്ദനക്കുറി തൊട്ട് നടക്കാറുണ്ടല്ലോ?’; പത്മജയ്ക്ക് മറുപടിയുമായി ഷാഫി പറമ്ബില്‍

Spread the love

കോണ്‍ഗ്രസിലായിരുന്നപ്പോള്‍ താൻ ചന്ദനക്കുറി തൊടാൻ ഭയപ്പെട്ടിരുന്നുവെന്ന പത്മജ വേണുഗോപാലിന്റെ പ്രതികരണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ ഷാഫി പറമ്ബില്‍.

എല്ലാ മാസവും ഒന്നാം തീയതി ഗുരുവായൂരില്‍ പോയി തൊഴുതിരുന്ന കെ കരുണാകരന്റെ മകള്‍ ഇത്തരത്തില്‍ പ്രതികരിക്കാൻ പാടില്ലായിരുന്നുവെന്ന് ഷാഫി പറഞ്ഞു. തന്റെ പിതാവിന്റെ പാരമ്ബര്യത്തോട് ഇത്ര വലിയൊരു വഞ്ചന അവർ കാണിക്കാൻ പാടില്ലായിരുന്നുവെന്നും ഷാഫി പറമ്ബില്‍ പറഞ്ഞു. 

‘രമ്യ ഹരിദാസ് ഈ നാട്ടില്‍ ചന്ദനക്കുറി തൊട്ട് നടക്കുന്നതൊന്നും നിങ്ങള്‍ കണ്ടിട്ടില്ലേ? രമ്യ കോണ്‍ഗ്രസുകാരിയല്ലേ, കോണ്‍ഗ്രസിനെ കുറിച്ചൊക്കെ ഇത്ര വിലകുറച്ച്‌ സംസാരിക്കരുത്. അവർ വേറെ പാർട്ടിയില്‍ പോകുന്നെങ്കില്‍ പോകട്ടെ, സുരേഷ് ഗോപിക്ക് കിട്ടിയതോ കിട്ടാത്തതോ ആയ എന്തുവേണമെങ്കിലും അവർ വാങ്ങിച്ചോട്ടെ പക്ഷേ ഇത്രയും കാലം സ്വന്തം അച്ഛൻ ജയിലില്‍ കിടക്കുമ്ബോള്‍ പച്ചിലകളും കായും കൊടുത്ത് നിറം കൊടുത്ത ഈ മൂവവർണത്തിന് ഇങ്ങനെ ഒരു വൃത്തികേട് അവർ പറയാൻ പാടില്ലായിരുന്നു.

എല്ലാ ഒന്നാം തീയതിയും ഗുരുവായൂരില്‍ പോയി കണ്ണനെ തൊഴുത കെ കരുണാകരന്റെ മകള് ഒരിക്കലും ഇങ്ങനെ പറയാൻ പാടില്ലായിരുന്നു. വേറെന്തും അവർ പറഞ്ഞോട്ടെ. കെ കരുണാകരന്റെ ലെഗസിയോട് ഇത്രയും വലിയ വഞ്ചന അവർ ചെയ്യാൻ പാടില്ലായിരുന്നു. അവർ പറയേണ്ടത് എന്താണ്? എനിക്ക് എന്തെങ്കിലും ആകണം,എംപിയോ ബോർഡ് അംഗമോ കോർപറേഷൻ സ്ഥാനമോ ഡയറക്ടറോ ഉപാധ്യക്ഷയോ എന്തെങ്കിലുമൊക്കെ ആവണം എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ അവരെ പറഞ്ഞ് വിടും പോയിക്കോ ചേച്ചിയെന്ന് പറയും. ചെന്നോളൂ, എന്താണെന്ന് വെച്ചാല്‍ ആയിക്കോളൂ, പക്ഷേ പ്രത്യയശാസ്ത്രപരമായി കോണ്‍ഗ്രസിനെ ചോദ്യം ചെയ്യരുത്’, ഷാഫി പറമ്ബില്‍ പറഞ്ഞു. 

‘ചില വിശ്വാസങ്ങള്‍ മാത്രം അരോചകമാകുന്ന രീതിയിലുള്ള നെറേറ്റീവ് ഉതുത്തിരിഞ്ഞ് വരുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പലപ്പോഴും പേടിച്ച്‌ ചന്ദനക്കുറി തൊടാറില്ല. എനിക്ക് ചന്ദനക്കുറി തൊടാൻ ഭയങ്കര ഇഷ്ടമുള്ളയാളാണ്. പക്ഷേ അത് തൊട്ടാല്‍ ഉടൻ അവർ എന്റെ മുഖത്തേക്ക് നോക്കും. അതുകൊണ്ട് ഞാൻ തൊട്ടുകഴിഞ്ഞാല്‍ വേഗം ഉള്ളില്‍പോയി തുടച്ച്‌ പുറത്തേക്ക് വരും’, എന്നായിരുന്നു പത്മജ പറഞ്ഞത്. ബി ജെ പിയില്‍ ചേർന്നതോടെ ഇനി ധൈര്യമായി ചന്ദനക്കുറി തൊടാമെന്നും പത്മജ പറഞ്ഞു.

Leave a Reply

Your email address will not be published.