യു.ഡി.എഫിന്റെ വിജയം സതീശനെ കരുത്തനാക്കും

Spread the love

തരിപ്പണമായ ഇടതുമുന്നണിയും തിളക്കം വര്‍ധിപ്പിച്ച യു.ഡി.എഫും തൃശൂരില്‍ ബി.ജെ.പി. അക്കൗണ്ട്‌ തുറന്നതിന്‌ ഒരുപോലെ മറുപടി പറയേണ്ടിവരും. ഇടതുമുന്നണിയെക്കാള്‍ ഇത്‌ പ്രതിസന്ധിയിലാക്കുക കോണ്‍ഗ്രസിനെയായിരിക്കും. വടകര എം.പിയായിരുന്ന കെ. മുരളീധരനെ അവിടെനിന്നു തൃശൂരില്‍ കൊണ്ടുവന്നു തോല്‍പ്പിച്ചതായി പാര്‍ട്ടിയിലെ ഒരുവിഭാഗം ഇപ്പോള്‍ത്തന്നെ ആരോപിക്കുന്നുണ്ട്‌. സി.പി.എം ബി.ജെ.പിയുമായി ഒത്തുകളിച്ചെന്ന വാദം സി.പി.ഐക്കുമുണ്ട്‌. എന്തായാലും ഇപ്പോഴത്തെ വിധിയുടെ അടിസ്‌ഥാനത്തില്‍ പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശന്‍ കൂടുതല്‍ കരുത്തനാകുമെന്നുറപ്പ്‌. പതിനെട്ടു സീറ്റുനേടി തിളക്കമാര്‍ന്ന വിജയം കൈപ്പിടിയിലൊതുക്കുമ്ബോഴും തൃശൂരിലെ പരാജയം കോണ്‍ഗ്രസിനെ വേട്ടയാടുകയാണ്‌. ബി.ജെ.പി. അക്കൗണ്ട്‌ തുറന്നെന്നു മാത്രമല്ല, കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയായ കെ. മുരളീധരന്‍ അവിടെ മൂന്നാം സ്‌ഥാനത്തേക്കു തള്ളപ്പെടുകയും ചെയ്‌തു. കഴിഞ്ഞതവണ ടി.എന്‍. പ്രതാപന്‍ നേടിയ ഭൂരിപക്ഷത്തിനടുത്താണ്‌ ഇക്കുറി സുരേഷ്‌ ഗോപിയുടെ ഭൂരിപക്ഷം. കോണ്‍ഗ്രസ്‌, ഇടതുമുന്നണി ശക്‌തികേന്ദ്രങ്ങളിലെല്ലാം സുരേഷ്‌ ഗോപി മേല്‍ക്കൈ നേടിയെങ്കിലും കോണ്‍ഗ്രസില്‍നിന്നാണു വലിയതോതില്‍ വോട്ടുചോര്‍ച്ചയുണ്ടായത്‌.
വടകര, തൃശൂര്‍, പാലക്കാട്‌ മണ്ഡലങ്ങള്‍ക്കിടയില്‍ ചില ഒത്തുതീര്‍പ്പുകളുണ്ടെന്ന ആരോപണം തുടക്കം മുതലേ ഇടതുകേന്ദ്രങ്ങള്‍ ഉന്നയിച്ചിരുന്നു. തൃശൂരിലെ വിധിയുടെ അടിസ്‌ഥാനത്തില്‍ കോണ്‍ഗ്രസ്‌ അതിനു മറുപടി പറയേണ്ടിവരും. മുരളീധരന്റെ പരാജയം കോണ്‍ഗ്രസില്‍ പുതിയ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും. വടകര മണ്ഡലത്തില്‍ യു.ഡി.എഫ്‌. വിജയിച്ച സാഹചര്യത്തില്‍ പ്രത്യേകിച്ചും. മുരളീധരനെ ഒതുക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ നീക്കമുണ്ടെന്ന വാദം അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ക്ക്‌ പൊതുവേയുണ്ട്‌. അതിനു കരുത്തു പകരുന്നതായിരിക്കും ഈ ഫലം.
മുരളീധരന്റെ പരാജയമുണ്ടാക്കുന്ന പ്രതിസന്ധിക്കു പുറമേ, വിജയത്തിന്റെ നേട്ടവും കോണ്‍ഗ്രസില്‍ തര്‍ക്കവിഷയമാകും. കെ.പി.സി.സി. പ്രസിഡന്റ്‌ കെ. സുധാകരനെ ഒതുക്കാനാണ്‌ വീണ്ടും അദ്ദേഹത്തെ മത്സരരംഗത്തിറക്കിയതെന്ന്‌ ചിലര്‍ വാദിക്കുന്നുണ്ട്‌. സുധാകരനെ മണ്ഡലത്തില്‍ തളച്ചിട്ട്‌ പ്രചാരണത്തിന്റെ ഉത്തരവാദിത്വം പൂര്‍ണമായി സതീശന്‍ ഏറ്റെടുത്തെന്നും അവര്‍ പറയുന്നു. കെ.പി.സി.സി. പ്രസിഡന്റ്‌ സ്‌ഥാനത്തുനിന്ന്‌ സുധാകരനെ മാറ്റിനിര്‍ത്താന്‍ നടത്തിയ നീക്കവും ഇക്കൂട്ടരില്‍ പ്രതിഷേധമുളവാക്കിയിട്ടുണ്ട്‌. എങ്കിലും ഈ തെരഞ്ഞെടുപ്പ്‌ വിജയം വി.ഡി. സതീശന്‌ അര്‍ഹതപ്പെട്ടതു തന്നെയാണ്‌.

Leave a Reply

Your email address will not be published.