യുവാവിനെ മര്‍ദിച്ച്‌ ആഭരണങ്ങള്‍ കവര്‍ന്ന കേസ്: നാലുപേര്‍ പിടിയില്‍

Spread the love

സുല്‍ത്താൻ ബത്തേരി: മൂന്നംഗ കുടുംബം സഞ്ചരിച്ച കാർ രാത്രിയില്‍ റോഡില്‍ തടഞ്ഞുനിർത്തി യുവാവിനെ മർദിച്ച്‌ ഗുരുതര പരിക്കേല്‍പ്പിക്കുകയും സ്വർണ മോതിരവും മാലയും കവരുകയും ചെയ്ത സംഭവത്തില്‍ നാലുപേരെ മൈസൂരിവില്‍നിന്ന് പിടികൂടി.

ബത്തേരി പള്ളിക്കണ്ടി പള്ളിക്കളം വീട്ടില്‍ പി.കെ. അജ്മല്‍ (24), തിരുനെല്ലി, ആലക്കല്‍ എ.യു. അശ്വിൻ (23), പള്ളിക്കണ്ടി ചെരിവ് പുരയിടത്തില്‍ അമൻ റോഷൻ (23), നൂല്‍പ്പുഴ കല്ലുമുക്ക് കൊടുപുര മുഹമ്മദ് നസീം (26) എന്നിവരെയാണ് ബത്തേരി എസ്.എച്ച്‌.ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. കോളിയാടി സ്വദേശി കെ.എ. നിഖിലിന്റെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ പിടികൂടിയത്. 

പോക്കറ്റ് റോഡില്‍നിന്ന് മെയിൻ റോഡിലേക്ക് കയറിയ പരാതിക്കാരന്റെ കാർ കാരണം തൊട്ടുമുമ്ബില്‍ കടന്നുപോയ കെ.എസ്.ആർ.ടി.സി ബസിനെ മറികടക്കാൻ കഴിയാത്തതിലുള്ള വിരോധമാണ് അക്രമത്തില്‍ കലാശിച്ചത്. പിടിയിലായ നാലുപേരും വിവിധ കേസുകളില്‍ പ്രതികളാണ്. ജനുവരി 30ന് രാത്രി 11നാണ് സംഭവം. കല്ലുവയലില്‍നിന്ന് വന്ന പരാതിക്കാരനും കുടുംബവും സഞ്ചരിച്ച കാർ ബത്തേരി-ചുള്ളിയോട് മെയിൻ റോഡിലേക്ക് പ്രവേശിച്ചപ്പോള്‍, മെയിൻ റോഡിലൂടെ വന്ന പ്രതികളുടെ കാറിന് തൊട്ടുമുന്നില്‍ പോയ ബസിനെ മറികടക്കാനായില്ല. തുടർന്ന് പ്രതികള്‍ പരാതിക്കാരനെയും കുടുംബത്തെയും അസഭ്യം പറഞ്ഞ് കടന്നുപോയി. പിന്നീട് കല്ലുവയല്‍ വാട്ടർ അതോറിറ്റിക്ക് മുൻവശമുള്ള പബ്ലിക്ക് റോഡില്‍ വെച്ച്‌ പരാതിക്കാരന്റെ കാർ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. 

മർദനത്തില്‍ കൈ വിരലിന് പൊട്ടലേറ്റു. കഴുത്തിന് പിടിച്ച്‌ സ്വർണമാല വലിച്ചുപൊട്ടിച്ച്‌ മാലയുടെ ഒരു കഷ്ണം കവരുകയും മോതിരം ഊരിയെടുക്കുകയും ചെയ്തുവെന്നാണ് കേസ്.

Leave a Reply

Your email address will not be published.