
യുപിയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഗോശാലയിൽ പശുക്കൾ ചത്തനിലയിൽ. കാസ്ഗഞ്ച് ജില്ലയിലെ ഗോശാലക്ക് പുറത്താണ് പശുക്കളെ ചത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പശുക്കൾ പട്ടിണി കിടന്നും ശരിയായ ചികിത്സ ലഭിക്കാത്തതിനാലുമാണ് ചത്തതെന്നും നാട്ടുകാർ ആരോപിച്ചു.
ഗോശാലയിലെ മാനേജ്‌മെന്റിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഹർഷിത മാത്തൂർ പറഞ്ഞു. പാർപ്പിച്ച പശുക്കളുടെ രേഖകൾ, മരിച്ചവയുടെ എണ്ണം, കാലിത്തീറ്റയുടെ ലഭ്യത, മറ്റ് സൗകര്യങ്ങൾ എന്നിവ പരിശോധിച്ചുവരികയാണെന്നും അധികൃതർ പറഞ്ഞു.
അധികൃതരുടെ അശ്രദ്ധ കാരണമാണ് പശുക്കൾ കൂട്ടത്തോടെ ചത്തതെന്ന് നാട്ടുകാർ ആരോപിച്ചു. ചത്ത പശുവിനെ ട്രാക്ടറിൽ കെട്ടി വലിച്ചിഴയ്ക്കുന്ന വീഡിയോയും വൈറലാണ്. ഗോശാലയിൽ പാർപ്പിച്ച പശുക്കൾക്ക് ദിവസങ്ങളായി തീറ്റ ലഭിച്ചില്ലെന്നും രോഗബാധിതരായ മൃഗങ്ങൾക്ക് യഥാസമയം ചികിത്സ ലഭിച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. പശുക്കളുടെ ദയനീയാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി ഗ്രാമവാസികൾ പത്തോളം പശുക്കളുടെ ജഡങ്ങളുടെയും അസ്ഥികൂടങ്ങളുടെയും വീഡിയോകൾ പകർത്തി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.ഗോശാലക്ക് സമീപത്തെ വയലിൽ പശുക്കളുടെ ജഡങ്ങൾ പതിവായി ഉപേക്ഷിക്കുന്നത് പ്രദേശത്ത് ദുർഗന്ധം വമിക്കുന്നതിന് കാരണമാകുന്നുവെന്നും ആരോപണമുയർന്നു. സംഭവം വിവാദമായതിന് പിന്നാലെ, ഒരു സംഘം ഉദ്യോഗസ്ഥരെത്തി മൃതദേഹങ്ങളും അസ്ഥികൂടങ്ങളും നീക്കം ചെയ്തു.
