യുഎഇയിൽ താമസസ്ഥലത്ത് കഞ്ചാവ് കൃഷി നടത്തിയ പ്രവാസികൾ പിടിയിൽ

Spread the love

യുഎഇയിലെ താമസ സ്ഥലത്ത് കഞ്ചാവ് വളർത്തിയ പ്രവാസികൾ അറസ്റ്റിൽ. ഉമ്മുല്‍ഖുവൈനിലെ താമസ സ്ഥലത്താണ് ഇവര്‍ കഞ്ചാവ് ചെടികള്‍ വളർത്തിയത്.കഞ്ചാവ് കൃഷി ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവൃത്തികള്‍ ഇവരുടെ അപ്പാര്‍ട്ട്മെന്റില്‍ നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

അപ്പാർട്ട്മെൻ്റിൽ കഞ്ചാവ് കൃഷി നടത്തി പുറമെ നിരോധിത ലഹരി വസ്‍തുക്കളുടെ കള്ളക്കടത്തും ഇവര്‍ നടത്തിയതായി കണ്ടെത്തിയെന്ന് ഉമ്മുല്‍ഖുവൈന്‍ പൊലീസ് ആന്റി നര്‍ക്കോട്ടിക്സ് ഡിപ്പാര്‍ട്ട്മെന്റ് മേധാവി മേജര്‍ ജമാല്‍ സഈദ് അല്‍ കെത്‍ബി വ്യക്തമാക്കി.

പിടിയിലായവരെ കുടുക്കാൻ പൊലീസ് പ്രത്യേക സംഘത്തിന് രൂപം നല്‍കുകയും ഇവര്‍ മുന്‍കൂട്ടി പദ്ധതിയിട്ടതു പ്രകാരം അപ്പാര്‍ട്ട്മെന്റില്‍ കയറി റെയ്ഡ് നടത്തി എല്ലാവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.പരിശോധനയില്‍ കഞ്ചാവ് ചെടികളും മറ്റ് ലഹരി വസ്‍തുക്കളും മറ്റ് സാധനങ്ങളും പിടിച്ചെടുത്തു. ഇവയെല്ലാം തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രാജ്യത്ത് ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് പൊതുജനങ്ങള്‍ പൊലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ഉമ്മുല്‍ ഖുവൈന്‍ പൊലീസ് ആന്റി നര്‍ക്കോട്ടിക്സ് മേധാവി അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published.