മൻദൗസ്‌ ചുഴലിക്കാറ്റ് ;തമിഴ്‌നാട്ടില്‍ കനത്ത മഴയും ശക്തമായ കാറ്റും

Spread the love

മന്‍ദൗസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ കനത്ത മഴയും ശക്തമായ കാറ്റും. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ 16 വിമാനങ്ങള്‍ റദ്ദാക്കി. തമിഴ്നാട്ടിലെ മാമല്ലപുരത്തിന് സമീപം പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്ക്കും ഇടയില്‍ അര്‍ദ്ധരാത്രിയോടെ ചുഴലിക്കാറ്റ് കരയില്‍ പതിച്ചു. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുന്നത്. ചൈന്നൈ വിമാനത്താവളത്തില്‍ നിന്നും 13 ആഭ്യന്തര വിമാനങ്ങളും മൂന്ന് അന്താരാഷ്ട്ര വിമാനങ്ങളുമാണ് റദ്ദാക്കിയത്.

കാറ്റിന്റെ തീവ്രത കുറവാണെങ്കിലും മൂന്ന് ജില്ലകള്‍ റെഡ് അലേര്‍ട്ടിലാണ്. ചെന്നൈയുടെ അതിര്‍ത്തിയായ ചെങ്കല്‍പട്ടും കാഞ്ചീപുരം എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ചെന്നൈ ഉള്‍പ്പെടെ സംസ്ഥാനത്തെ 12 ജില്ലകളിലെ സ്‌കൂളുകളും കോളേജുകളിലും നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു.

കാറ്റിന്റെ പശ്ചാത്തലത്തില്‍ പുതുച്ചേരി തുറമുഖത്ത് ഇന്ന് പുലര്‍ച്ചെ കൊടുങ്കാറ്റ് മുന്നറിയിപ്പ് പതാക ഉയര്‍ത്തുകയും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ ദുരന്ത നിവാരണ സേന ചെന്നൈയില്‍ സജ്ജമാണ്. ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന്‍ എല്ലാ പാര്‍ക്കുകളും കളിസ്ഥലങ്ങളും അടച്ചിടാന്‍ നേരത്തെ തന്നെ ഉത്തരവിട്ടിരുന്നു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ബോട്ടുകള്‍, ഹൈ-വോള്‍ട്ടേജ് മോട്ടോറുകള്‍, സക്കര്‍ മെഷീനുകള്‍, കട്ടറുകള്‍ തുടങ്ങിയ ഉപകരണങ്ങളും സജ്ജമാണ്. ആന്ധ്രാപ്രദേശിനെയും കാറ്റ് ബാധിച്ചേക്കും. കൂടാതെ കാറ്റ് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്നത് തുടരുകയും വടക്കന്‍ തമിഴ്നാട്, പുതുച്ചേരി, ദക്ഷിണ ആന്ധ്രാപ്രദേശ് തീരങ്ങള്‍ എന്നിവയിലൂടെ പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്ക്കുമിടയില്‍ മഹാബലിപുരത്തെ ചുറ്റി സഞ്ചരിക്കുകയും ചെയ്യും.

ലോക കാലാവസ്ഥാ സംഘടനയുടെ അംഗമായി യു എ ഇ ആണ് ഇത്തവണ ചുഴലിക്കാറ്റിന് പേര് നല്‍കിയത്. മന്‍ദൗസ് എന്ന് വച്ചാല്‍ . അറബിയില്‍, ഇത് ‘നിധി പെട്ടി’ എന്നാണ് അര്‍ത്ഥമാക്കുന്നത്. അതേസമയം, കാറ്റിന്റെ പശ്ചാത്തലത്തില്‍ കനത്ത മുന്നറിയിപ്പാണ് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇന്ന് ബീച്ചുകള്‍ സന്ദര്‍ശിക്കരുതെന്നും മരങ്ങള്‍ക്ക് താഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published.